അബൂദബി കിരീടാവകാശി അഫ്ഗാൻ അഭയാർഥി ക്യാമ്പ് സന്ദർശിച്ചു
|അഫ്ഗാനിസ്താനിൽ നിന്ന് അഭയം തേടിയെത്തിയ ആയിരങ്ങളാണ് ഇപ്പോൾ യു എ ഇയുടെ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നത്
അബൂദബിയിലെ അഫ്ഗാൻ അഭയാർഥി ക്യാമ്പിൽ നേരിട്ടെത്തി കിരീടാവാകശി ശൈഖ് മുഹമ്മദ് ബിൻ സായിദ്. അഭയാർഥികൾക്ക് ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്താനാണ് കിരീടാവകാശി അഭയാർഥി ക്യാമ്പ് സന്ദർശിച്ചത്.
അഫ്ഗാനിസ്താനിൽ നിന്ന് അഭയം തേടിയെത്തിയ ആയിരങ്ങളാണ് ഇപ്പോൾ യു എ ഇയുടെ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നത്. നൂറുകണക്കിന് അഭയാർഥികൾക്ക് താമസമൊരുക്കിയ അബൂദബി ഹ്യൂമാനിറ്റേറിയൻ സിറ്റിയിലാണ് അബൂദബി കിരീടാവാകാശിയും യു എ ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ നേരിട്ട് എത്തിയത്. അഭയാർഥികളുമായി സംവദിച്ച കിരീടാവകാശി കേന്ദ്രത്തിൽ ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് അഭയാർഥികളോട് ചോദിച്ചറിഞ്ഞു. പ്രതിസന്ധി നേരിടുന്ന അഫ്ഗാൻ ജനതക്കായി മുഴുവൻ സഹായങ്ങളും നൽകുമെന്ന് യു എ ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിപുലമായ സംവിധാനങ്ങൾ അഭയാർഥി കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ കഴിയുന്ന കുടുംബങ്ങളുമായും കുട്ടികളുമായും ശൈഖ് മുഹമ്മദ് സംസാരിച്ചു. സെൽഫി വേണമെന്ന അഫ്ഗാനി ബാലന്റെ ആഗ്രഹവും കിരീടാവകാശി സാധിച്ചു നൽകി. അവനൊപ്പം സെൽഫിക്ക് കൂടി പോസ് ചെയ്താണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് മടങ്ങിയത്.