UAE
Abu Dhabi Sheikh Zayed Grand Mosque
UAE

അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്; ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കേന്ദ്രമെന്ന് കണക്കുകൾ

Web Desk
|
14 July 2023 7:21 PM GMT

ആറുമാസത്തിനിടെ മൊത്തം 33 ലക്ഷം പേരാണ് സന്ദർശകരായെത്തിയത്

അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾ ഏറെയും ഇന്ത്യക്കാരാണെന്ന് കണക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ പള്ളി സന്ദർശിച്ചത് 33 ലക്ഷം പേരാണ്. ഇവരിൽ 23 ലക്ഷത്തിലേറെയും വിനോദസഞ്ചാരികളാണ്. അബൂദബിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനകേന്ദ്രമായി മാറുകയാണ് ഈ ആരാധനാലയം.

ജനുവരി മുതൽ ജൂൺ വരെ 9.14 ലക്ഷം പേർ മാത്രമാണ് ആരാധനക്കായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ എത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. പള്ളിയുടെ മനോഹര നിർമിതി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളാണ് ഏറെയും. 23. 8 ലക്ഷം പേരാണ് പള്ളി ആസ്വദിക്കാനെത്തിയതെന്നാണ് കണക്കുകൾ.

കഴിഞ്ഞ വർഷത്തിനേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ 127ശതമാനം വർധന രേഖപ്പെടുത്തി. മസ്ജിദിലെ ലൈബ്രറിയിൽ എത്തിച്ചേർന്നവർ 1104 പേരാണ്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിച്ചേർന്നത്. റഷ്യ, ചൈന എന്നിവിടങ്ങിൽ നിന്നുള്ളവരാണ് ഇന്ത്യക്ക് പിറകിൽ. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ ഭാഷകളിലായി സന്ദർശകർക്ക് 2637 ടൂറുകൾ ഒരുക്കി. 10രാഷ്ട്രത്തലവൻമാർ, മൂന്ന് രാഷ്ട്രങ്ങളുടെ ഉപ ഭരണാധികാരികൾ, രണ്ട് പ്രധാനമന്ത്രിമാർ, 87വിദേശ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ എന്നിവരും സന്ദർശകരിൽ ഉൾപ്പെടും.

ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ പ്രാർഥനകൾക്കായി പള്ളിയിൽ എത്തിച്ചേർന്നത്. ഒരു ദിവസം 63,919പേർ പ്രാർഥനക്കായി എത്തി. യു.എ.ഇ രാഷ്രട പിതാവ് ശൈഖ് സായിദിന്റെ പേരിൽ നിർമിച്ചതാണ് ഈ പള്ളി. അദ്ദേഹത്തിന്റെ ഓർമകൾ ഉറങ്ങുന്ന ഇവിടെ വിസിറ്ററ സെന്‍റർ, എക്സിബിഷൻ ഹാൾ, ഓഡിറ്റോറിയം, ലൈബ്രറി, റസ്റ്ററന്‍റുകൾ എന്നിവയടങ്ങുന്ന സൂഖ് അൽ ജാമിഅയും മസ്ജിദ് കോംപ്ലക്സിലുണ്ട്.

Similar Posts