ജോലിക്കിടെ അപകടം; നാല് യു.എ.ഇ സൈനികർ മരണപ്പട്ടു, ഒമ്പത് പേർക്ക് പരിക്ക്
|രാജ്യത്തിനകത്തെ സൈനിക ദൗത്യത്തിനിടെയാണ് അപകടമുണ്ടായതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ദുബൈ: യു.എ.ഇയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ നാല് സൈനികർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. രാജ്യത്തിനകത്തെ സൈനിക ദൗത്യത്തിനിടെയാണ് അപകടമുണ്ടായതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിച്ച രണ്ട് സൈനികരുടെ മൃതദേഹം അജ്മാനിൽ ഖബറടക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് നാല് യു.എ.ഇ സൈനികർ അപകടത്തിൽ മരിച്ചത്.
മരണപ്പെട്ട സൈനികരിൽ നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷി, അബ്ദുൽ അസീസ് സഈദ് അൽ തുനൈജി എന്നിവരുടെ മൃതദേഹങ്ങൾ അജ്മാൻ ജർഫിലെ ശൈഖ് സായിദ് മസ്ജിദിൽ എത്തിച്ചു. മയ്യിത്ത് നമസ്‌കാരത്തിൽ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി, കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ആൽ നുഐമി തുടങ്ങിയവർ പങ്കെടുത്തു. ജർഫിലെ ഖബർസ്ഥാനിൽ മൃതദേഹങ്ങൾ സൈനിക ബഹുമതികളോടെ ഖബറടക്കി.
അപകടത്തിൽ പരിക്കേറ്റ സൈനികർ അബൂദബി സായിദ് മിലിറ്ററി ഹോസ്പിറ്റലിൽ ചികിൽസിയിൽ കഴിയുകയാണ്. പരിക്കേറ്റവരെ യു.എ.ഇ പ്രതിരോധ മന്ത്രി കൂടിയായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം സന്ദർശിച്ചു. രാജ്യസേവനത്തിനിടെ ജീവത്യാഗം വരിച്ച സൈനികർക്കായി രാഷ്ട്രനേതാക്കൾ പ്രാർഥന നടത്തി.