സ്കൂൾ ബസിൽ ഇനി പരസ്യം പതിക്കാം; അനുമതി നൽകി ദുബൈ ആർ.ടി.എ
|സ്കൂൾ ബസ് ഓപ്പറേറ്റർമാർക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ അവസരം നൽകാനാണെന്ന് തീരുമാനമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ദുബൈ: ദുബൈയിലെ സ്കൂൾ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി. സ്കൂൾ ബസ് ഓപ്പറേറ്റർമാർക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ അവസരം നൽകാനാണെന്ന് തീരുമാനമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബൈയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, പ്രമോഷനൽ കാമ്പയിനുകൾ എന്നിവ സ്കുൾ ബസുകളിൽ പതിക്കാനാണ് അനുമതി. സ്കൂൾ ബസുകളുടെ അകത്തും പുറത്തും പരസ്യം പതിക്കാം. സ്കൂൾ കുട്ടികൾക്ക് കൂടി അനുയോജ്യമായ പരസ്യങ്ങളാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞു.
യു.എ.ഇയിലെ നിയമങ്ങൾ പാലിക്കുന്നതും കുട്ടികൾക്കിടയിൽ മൂല്യങ്ങൾ പ്രോൽസാഹിപ്പിക്കുന്നതുമാകണം പരസ്യങ്ങൾ. പരസ്യങ്ങളുടെ ഉള്ളടക്കത്തിന് ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന് അംഗീകാരം നേടണം. പരസ്യം നൽകുന്നതിന് മുമ്പ് ആർ.ടി.എ വെബ്സൈറ്റ് വഴി പെർമിറ്റ് നേടിയിരിക്കണം. ബസിനകത്തുള്ള പരസ്യ സ്ക്രീനുകൾ ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കാത്ത വിധം ഡ്രൈവർ സീറ്റിന് പിന്നിലായി വേണം സ്ഥാപിക്കാനെന്നും നിർദേശമുണ്ട്. 'സ്കൂൾ ബസ്' ആണെന്ന സൂചനകൾ മറയാത്ത രീതിയിരിക്കണം പരസ്യങ്ങൾ പതിക്കേണ്ടതെന്നും ആർ.ടി.എ വ്യക്തമാക്കി.