ലുലുവിന് പിന്നാലെ ഹിറ്റായി തലബാത്ത് ഐ.പി.ഒയും; ആദ്യ മണിക്കൂറിൽ മുഴുവൻ ഓഹരികളും വിറ്റുതീർന്നു
|ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിലാണ് തലബാതിന്റെ പ്രാരംഭ ഓഹരി വില്പന ആരംഭിച്ചത്
ദുബൈ: പശ്ചിമേഷ്യയിലെ പ്രമുഖ ഓൺലൈൻ ഡെലിവറി സേവനദാതാക്കളായ തലബാത്തിന്റെ പ്രാരംഭ ഓഹരി വിൽപന ആരംഭിച്ചു. പതിനഞ്ചു ശതമാനം ഓഹരിയാണ് തലബാത് വിറ്റഴിക്കുന്നത്. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിലാണ് തലബാതിന്റെ പ്രാരംഭ ഓഹരി വില്പന ആരംഭിച്ചത്. ഒരു ഓഹരിക്ക് 1.50 മുതൽ 1.60 ദിർഹം വരെയാണ് വില. അതിവേഗത്തിൽ ഓഹരി മുഴുവൻ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതായി ധനകാര്യ മാധ്യമമായ ബ്ലൂംബർഗാണ് റിപ്പോർട്ടു ചെയ്തത്. 350 കോടി ഓഹരികളാണ് തലബാത് വില്പനയ്ക്കായി നീക്കിവച്ചിട്ടുള്ളത്.
റീട്ടെയ്ൽ നിക്ഷേപകർക്ക് നവംബർ 27 വരെയും പ്രൊഫഷണൽ നിക്ഷേപകർക്ക് 28 വരെയും ഓഹരി വാങ്ങാനുള്ള അവസരമുണ്ട്. 29ന് അന്തിമ വില പ്രഖ്യാപിക്കും. ഡിസംബർ പത്തിനാണ് ലിസ്റ്റിങ്. ജർമൻ കമ്പനിയായ ഡെലിവറി ഹീറോയുടെ മധ്യേഷ്യൻ യൂണിറ്റാണ് തലബാത്. മധ്യേഷ്യയിലും വടക്കൻ ആഫ്രിക്കയിലുമായി എട്ട് രാഷ്ട്രങ്ങളിൽ സാന്നിധ്യമുള്ള തലബാതിന് അറുപത് ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്.
ഈ വർഷം ലുലു ഗ്രൂപ്പ് അടക്കം നിരവധി കമ്പനികൾ യുഎഇയിൽ ഐപിഒ വില്പന നടത്തിയിരുന്നു. അലിഫ് എജുക്കേഷൻ, എൻഎംഡിസി എനർജി, എഡിഎൻച്ച് കാറ്ററിങ് എന്നിവയാണ് ഓഹരി വിപണിയിലെത്തിയ മറ്റു പ്രമുഖ കമ്പനികൾ. മിക്ക കമ്പനികളുടെയും ഐപിഒ ഓവർ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് ലുലു ഗ്രൂപ്പ് വിൽക്കുന്ന ഓഹരികൾ മുപ്പത് ശതമാനമായി വർധിപ്പിച്ചിരുന്നു.