യുഎഇയിൽ ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനിലെ ടാക്സി നിരക്കുകളും കുറച്ചു
|ഇന്ധനവില കുത്തനെ ഉയർന്നപ്പോഴാണ് വിലക്കനുസരിച്ച് ടാക്സി നിരക്ക് പുതുക്കുന്ന പതിവ് ആരംഭിച്ചത്
ദുബൈ: യു എ ഇയിൽ ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനിലെ ടാക്സി നിരക്കുകളും കുറച്ചു. കിലോമീറ്ററിന് ഒരു ദിർഹം 82 ഫിൽസായിരിക്കും നിരക്ക്. ഇന്ധനവില കുത്തനെ ഉയർന്നപ്പോഴാണ് വിലക്കനുസരിച്ച് ടാക്സി നിരക്ക് പുതുക്കുന്ന പതിവ് ആരംഭിച്ചത്.
ഈ മാസം ഒന്ന് മുതലാണ് യു എ ഇയിൽ പുതുക്കിയ ഇന്ധനവില നിലവിൽ വന്നത്. പെട്രോൾ വില ലിറ്ററിന് 38 ഫിൽസും. ഡീസൽ ലിറ്ററിന് 11 ഫിൽസുമാണ് കുറഞ്ഞത്. കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനനിരക്കാണ് ഈമാസം പ്രാബല്യത്തിലായത്. ഇതോടെയാണ് അജ്മാനിലെ ടാക്സി നിരക്കും കുറക്കാൻ തീരുമാനിച്ചത്. നിലവിൽ അജ്മാനിലെ ടാക്സി നിരക്കുകളാണ് കുറച്ചതായി അധികൃതർ അറിയിച്ചത്.
ഒരു കിലോമീറ്ററിന് 1.82 ദിർഹമാണ് നിരക്കാണ് ഈടാക്കുക. ഷാർജയിലെയും അജ്മാനിലെയും ടാക്സികളാണ് പെട്രോൾ വിലക്ക് അനുസരിച്ച് ടാക്സി നിരക്കും നിശ്ചയിക്കാൻ തുടങ്ങിയത്. ജൂലൈയിൽ ഇന്ധനവില വർധിച്ചതോടെ യാത്രാനിരക്കുകൾ വർധിപ്പിച്ചിരുന്നു. പക്ഷെ, ആഗസ്റ്റിലും, സെപ്തംബറിലും, ഒക്ടോബറിലും പെട്രോൾ വില കുറയുന്ന പ്രവണതയാണ്.