UAE
Air India, UAE, Kozhikode
UAE

ബുക്കിങ്​ നിർത്തി എയർ ഇന്ത്യ; നാല് യു.എ.ഇ-കോഴിക്കോട് വിമാന സര്‍വീസുകളുടെ ഭാവി തുലാസില്‍, പ്രവാസി പ്രതിഷേധം ശക്തം

Web Desk
|
10 Feb 2023 6:25 PM GMT

സ്വകാര്യവത്​കരണത്തെ തുടർന്ന്​ എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ്​ ബുക്കിങ് നിര്‍ത്തുന്നതെന്നാണ് സൂചന

ദുബൈ: യു.എ.ഇയിൽ നിന്ന് ​കോഴിക്കോട്ടേക്കുള്ള നാല്​ വിമാനങ്ങളുടെ ബുക്കിങ്​ നിർത്താനുള്ള എയർ ഇന്ത്യ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ്​ നിർത്തുന്നത്​. സർവീസുകൾ പൂർണമായും നിർത്തുന്നതിന്‍റെ ഭാഗമായാണ് ബുക്കിങ് നിർത്തുന്നത് എന്നാണ് ആശങ്ക.

മാർച്ച് ​27 മുതൽ യു.എ.ഇയിൽ നിന്നുള്ള നാല് ​സർവീസുകളുടെ ബുക്കിങ്​ സ്വീകരിക്കുന്നതല്ലെന്ന്​ ചൂണ്ടിക്കാണിച്ച്​ ട്രാവൽ ഏജന്‍റുമാർക്ക്​ കഴിഞ്ഞ ദിവസമാണ്​ സന്ദേശം ലഭിച്ചത്​. ദുബൈയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുന്ന എ.ഐ 937, ഷാർജയിൽ നിന്ന് ​സർവീസ്​ നടത്തുന്ന എ.ഐ 997 എന്നിവയാണ്​ബുക്കിങ്​ അവസാനിപ്പിക്കുന്നത്​.

ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബൈ, ഷാർജ സർവീസുകളും ബുക്കിങ് ​സ്വീകരിക്കില്ല. നിലവിൽ എയർ ഇന്ത്യയുടെ വെബ്​സൈറ്റിൽ നിന്ന്​ ഈ വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്​. ഷാർജയിൽ നിന്ന് ​കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ വിമാനമാണ് ​ബുക്കിങ്​ അവസാനിപ്പിക്കുന്നത്​​. മാർച്ച്​27 മുതൽ 'നോ​ഫ്ലൈറ്റ്​' എന്നാണ്​വെബ്​സൈറ്റിൽ കാണിക്കുന്നത്​. രാത്രി 11.45നാണ് ​ഈ വിമാനം പുറപ്പെട്ടിരുന്നത്​.

കോഴിക്കോട്ടേക്കുള്ള കുറഞ്ഞ നിരക്കിലുള്ള​ യാത്രക്കാരുടെ ആശ്രയമാണ്​ ഈ വിമാനങ്ങൾ. ഇവ ​സർവീസ്​ അവസാനിപ്പിച്ചാൽ മറ്റ് ​വിമാനങ്ങൾ നിരക്കുയർത്താനും സാധ്യതയുണ്ട്​. സ്വകാര്യവത്​കരണത്തെ തുടർന്ന്​ എയർഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ്​ ഈ നീക്കമെന്നാണ്​ സൂചന. ഇത്തരമൊരു നീക്കത്തിൽ നിന്ന്​ പിൻവാങ്ങ​ണമെന്ന്​ മുസ്​ലിം ലീഗ്​ എം.പിമാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടു. കെ.എം.സി.സിക്കു പുറമെ പ്രവാസലോകത്തെ നിരവധി സംഘടനകളും എയർ ഇന്ത്യ നീക്കത്തിൽ ശക്​തമായ പ്രതിഷേധം അറിയിച്ചു. വിമാന നിരക്ക്​ വീണ്ടും ഉയരുന്ന സാഹചര്യം സാധാരണ പ്രവാസികൾക്ക്​ വലിയ തിരിച്ചടിയാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

Similar Posts