യാത്രാ സമയം 45ന് പകരം വെറും പത്ത് മിനിട്ട്, ഒരാൾക്കുള്ള നിരക്ക് 350 ദിർഹം; ദുബൈയിൽ എയർ ടാക്‌സിയെത്തുന്നു
|ദുബൈയിലെ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 70 ശതമാനത്തോളം കുറയ്ക്കാൻ എയർ ടാക്‌സികൾക്ക് കഴിയുമെന്നാണ് ജോബിയുടെ ഓപ്പറേഷൻസ് പ്രസിഡന്റ് ബോണി സിമി പറയുന്നത്
ദുബൈ: യാത്രാ സമയം 45 മിനിട്ടിൽ നിന്ന് 10 ആയി കുറച്ച് ഒരാൾക്ക് 350 ദിർഹം നൽകി എയർ ടാക്‌സിയിൽ റൈഡ് പോകാം. ദുബൈ നിവാസികൾക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ എയർ ടാക്സികൾ വഴി നഗരത്തിൽ പറക്കാൻ 350 ദിർഹം (ഏകദേശം 8000 ഇന്ത്യൻ രൂപ) ചെലവ് വരുമെന്ന് ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്. 2025 അവസാനത്തോടെ ദുബൈയിൽ പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന ഫ്‌ളൈയിംഗ് ടാക്‌സിയുടെ വിവരങ്ങൾ യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ സ്ഥാപനമായ ജോബിയാണ് പങ്കുവെച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ദുബൈയിലെ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 70 ശതമാനത്തോളം കുറയ്ക്കാൻ എയർ ടാക്‌സികൾക്ക് കഴിയുമെന്നാണ് ജോബിയുടെ ഓപ്പറേഷൻസ് പ്രസിഡന്റ് ബോണി സിമി പറയുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുക്കും. എന്നാൽ ഒരു എയർ ടാക്‌സിയിൽ 10 മുതൽ 12 മിനിറ്റ് വരെയേ എടുക്കുകയുള്ളൂ' സിമി പറഞ്ഞു. ഭാവിയിൽ സജീവമായേക്കുന്ന ഈ റൈഡിൽ ഒരേസമയം നാല് യാത്രക്കാർക്കും പൈലറ്റിനും ഇരിക്കാനാകും. ബാഗേജുകൾക്കും സ്ഥലമുണ്ടാകും. 500 മുതൽ 1,000 മീറ്റർ വരെ ഉയരത്തിൽ എയർ ടാക്‌സി പറക്കുന്നതിനാൽ, 45 ഡെസിബെൽ ശബ്ദം മാത്രമുള്ള ശാന്തവും മനോഹരവുമായ പറക്കലാണ് യാത്രക്കാർക്ക് ലഭിക്കുക.
'യാത്രാ ദൂരത്തെ ആശ്രയിച്ചിരിക്കും ഉയരമുണ്ടാകുക. കൂടുതൽ ദൂരത്തേക്ക് വിമാനം ഭൂമിയിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിൽ പറക്കും, കുറഞ്ഞ ദൂരത്തേക്ക് അത് 500 മീറ്റർ മുതൽ 100 മീറ്റർ വരെ പറക്കും' സിമി പറഞ്ഞു.
വാണിജ്യ ലൈസൻസ് കൈവശമുള്ള ഒരു പൈലറ്റിന് വിമാനത്തിന് അനുയോജ്യമായ ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള പരിശീലന പരിപാടിക്ക് ശേഷം വിമാനം പറത്താനാകും. 'ആകാശത്ത് സുരക്ഷിതമായും കാര്യക്ഷമമായും നാവിഗേറ്റ് ചെയ്യുന്നതിൽ പൈലറ്റുമാർക്ക് കഴിവുണ്ടെന്ന് (ഈ പരിശീലനം) ഉറപ്പാക്കുന്നു' അവർ പറഞ്ഞു.
ജോബി വികസിപ്പിക്കുന്ന ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ എയർ ടാക്‌സി യാത്രകൾ ബുക്ക് ചെയ്യാൻ കഴിയും. യൂബറിലും റൈഡ് ബുക്ക് ചെയ്യാനാകും. ഒരു യാത്രക്കാരൻ മാത്രമുണ്ടായാലും എയർ ടാക്‌സി സർവീസ് നടത്തും.
യാത്രകൾക്കിടയിൽ ചാർജിംഗ്
എയർ ടാക്സിക്ക് 10 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നും സിമി പറഞ്ഞു.
'വെർട്ടിപോർട്ടുകളിൽ ലാൻഡ് ചെയ്യുമ്പോൾ, യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പ് ഗ്രൗണ്ട് സ്റ്റാഫ് ചാർജിംഗ് പോയിന്റുകൾ ബന്ധിപ്പിക്കും. പുതിയ യാത്രക്കാരെ കയറ്റി വിമാനം ടേക്ക്ഓഫിന് തയ്യാറായിക്കഴിഞ്ഞാൽ, പ്ലഗുകൾ അതിവേഗം നീക്കം ചെയ്യുകയും യാത്രക്കാരുടെ ഇടപാടുകൾക്കിടെ ചാർജിംഗ് പൂർത്തിയാക്കുകയും ചെയ്യും' അവർ കൂട്ടിച്ചേർത്തു.
ഹെലികോപ്റ്റർ പോലെ ഒരു വിമാനം
വിമാനം 'ശ്രദ്ധേയമായ സ്ഥിരത'യോടെയാണ് പ്രവർത്തിക്കുകയെന്നാണ് നിർമാതാവ് അഭിപ്രായപ്പെടുന്നത്. ഒരു ഹെലികോപ്റ്ററിനെ പോലെ ലംബമായി ടേക്ക്ഓഫ് ചെയ്യാൻ ഇതിന് കഴിയും. ഒരു വിമാനത്തിന്റെ പോലെ സുഗമമായി കുതിച്ചുയരാനുമാകും.
'ഇത് ആറ് പ്രൊപ്പൽഷൻ യൂണിറ്റുകളാലാണ് പ്രവർത്തിക്കുക, ഇത് വെർട്ടിക്കലിൽനിന്ന് ഹോറിസേൻറൽ ഓറിയന്റേഷനിലേക്ക് തടസ്സമില്ലാതെ മാറുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ വേഗതയിൽ ഏകദേശം 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. വിമാനത്തിൽ ആറ് പ്രൊപ്പല്ലറുകൾ സജ്ജീകരിച്ചിരിക്കും. അവയിൽ ഓരോന്നിനും രണ്ട് മോട്ടോറുകളുണ്ടാകും'.
'ഓരോ എയർ ടാക്‌സിയിലും 12 മോട്ടോറുകളും നാല് ബാറ്ററികളും സജ്ജീകരിച്ചിരിക്കുന്നു, ഇത് പറക്കുന്ന വേളയിൽ വിശ്വാസ്യത നൽകുന്നു' സിമി പറഞ്ഞു. സുരക്ഷ പരമപ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാരംഭ ഘട്ടത്തിൽ ദുബൈ എയർപോർട്ട്, പാം ജുമൈറ, ദുബൈ ഡൗൺടൗൺ, ദുബൈ മറീന തുടങ്ങിയ ദുബൈയുടെ പ്രധാന കേന്ദ്രങ്ങളിൽ നാല് വെർട്ടിപോർട്ടുകൾ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
'ഭാവിയിൽ, നമുക്ക് ടവറുകൾക്ക് മുകളിൽ വെർട്ടിപോർട്ടുകൾ ഉണ്ടായേക്കാം. പല ഡെവലപ്പർമാരും ഭാവിയിൽ അവരുടെ കമ്മ്യൂണിറ്റിയിൽ ഇത് ആഗ്രഹിക്കും, കാരണം ഇത് പലർക്കും ഒരു പ്രാഥമിക യാത്രാ മാതൃകയാകാം'സിമി പറഞ്ഞു.
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഖലീജ് ടൈംസ്