അജ്മാൻ ഗവ. മീഡിയ ഓഫീസ് തുറക്കുന്നു; ഉത്തരവിട്ട് ഭരണാധികാരി ശൈഖ് ഹുമൈദ്
|അന്തർദേശീയ മാധ്യമങ്ങൾക്കും വിവരങ്ങൾ നൽകും
യുഎഇയിലെ അജ്മാൻ എമിറ്റേറ്റ് ഗവൺമെന്റ് മീഡിയ ഓഫീസ് തുറക്കുന്നു. അജ്മാനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും മാധ്യമങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഗവൺമെന്റ് മീഡിയ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിയാണ് ഗവൺമെന്റ് മീഡിയ ഓഫീസ് തുറക്കാൻ ഉത്തരവിട്ടത്. അജ്മാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് അജ്മാൻ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ലക്ഷ്യം.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ്, കിരീടാവകാശി ശൈഖ് അമ്മാർ എന്നിവരുമായി ബന്ധപ്പെട്ട ആധികാരിക വാർത്തകൾ ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലെത്തിക്കുന്നത് പുതിയ ഓഫീസ് വഴിയായിരിക്കും.
അജ്മാനിൽ നടപ്പാക്കുന്ന പുതിയ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ വിവരങ്ങളും അജ്മാൻ ഗവൺമെന്റ് മീഡിയ ഓഫീസ് കൈകാര്യം ചെയ്യും.
വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആധുനിക സൗകര്യത്തോടൊയായിരിക്കും മീഡിയ ഓഫീസിന്റെ പ്രവർത്തനം. അജ്മാനുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ മേൽനോട്ടം, നിയന്ത്രണം എന്നിവയും പുതിയ സംവിധാനത്തിന് കീഴിലായിരിക്കും.