ഗ്രീൻവിസ, റിമോട്ട് വർക്ക് വിസകള്‍ക്കായി നാളെ മുതൽ അപേക്ഷിക്കാം
|സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ
യു.എ.ഇ പ്രഖ്യാപിച്ച ഗ്രീൻവിസ, റിമോട്ട് വർക്ക് വിസകൾക്ക് നാളെ മുതൽ അപേക്ഷിക്കാം. അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് സെപ്റ്റംബർ അഞ്ച് മുതൽ ഓൺലൈൻ വഴി അപേക്ഷ നൽകാം.
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക.
ദുബൈയിൽ താമസിച്ച് മറ്റു രാജ്യത്തെ തൊഴിൽ ചെയ്യാനാണ് ഒരു വർഷത്തെ റിമോട്ട് വർക്ക് വിസ. ദുബൈ ഒഴികെയുള്ള എമിറേറ്റിലേക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (https://icp.gov.ae.) വെബ്സൈറ്റിലും ദുബൈയിലേക്ക് ദുബായ് കോർപ്പറേഷൻ ഓഫ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങിന്‍റെ(www.visitdubai.com) വെബ്സൈറ്റിലും സെപ്റ്റംബർ അഞ്ച് മുതൽ അപേക്ഷിക്കാം.
ഗ്രീൻവിസ ലഭിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം വേണം. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം, യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാർ എന്നിവയും വേണം. സ്വയം തൊഴിലിന് വിസയെടുക്കാൻ തൊഴിൽമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി നേടണം, ഡിഗ്രിയോ ,ഡിപ്ലോമയോ വേണം, മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം.
റെസിഡന്‍റ് വിസക്കാരികളായ വിധവകൾ, നിക്ഷേപകർ, യു.എ.ഇയിൽ റിട്ടയേർഡ് ജീവിതം ആഗ്രഹിക്കുന്നവർക്കും ഗ്രീൻവിസക്ക് അപേക്ഷിക്കാം. റിമോർട്ട് വർക്ക് വിസക്ക് അപേക്ഷിക്കാൻ വിദേശത്തെ ജോലിയുടെ തെളിവ്, ആരോഗ്യഇൻഷൂറൻസ് എന്നിവ ആവശ്യമാണ്.