അറേബ്യൻ ട്രാവൽ മാർക്കറ്റ് തുടങ്ങി; അറബ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇന്ത്യ
|സാങ്കേതിക മേഖലയ്ക്കായി മാത്രം 2000 ചതുരശ്ര മീറ്ററിലധികം പ്രദർശന സ്ഥലം ഇത്തവണ നീക്കിവെച്ചിട്ടുണ്ട്.
ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രദർശകർ മേളയ്ക്കെത്തിയിട്ടുണ്ട്. ടൂറിസം, യാത്രാമേഖലയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിലും കമ്പനികൾ ഒപ്പുവയ്ക്കും.
സാങ്കേതിക മേഖലയിലെ വികാസം ടൂറിസം, യാത്രാ രംഗത്ത് ചെലുത്തുന്ന സ്വാധീനം കൂടി വെളിപ്പെടുത്തുന്നതാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 30ാം എഡിഷൻ. സാങ്കേതിക മേഖലയ്ക്കായി മാത്രം 2000 ചതുരശ്ര മീറ്ററിലധികം പ്രദർശന സ്ഥലം ഇത്തവണ നീക്കിവെച്ചിട്ടുണ്ട്. ടൂറിസം, യാത്രാ രംഗത്ത് നിർമിത ബുദ്ധിയുടെ സ്വാധീനവും എ.ടി.എം മേളയുടെ പ്രത്യേകതയാണ്.
ഇൻക്രഡിബിൾ ഇന്ത്യ എന്ന പേരിൽ വിപുലമായ പവലിയനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇന്ത്യക്കുള്ളത്. അറബ് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വിപുലമായ പദ്ധതിക്കു തന്നെ രൂപം നൽകിയതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
കർണാടകയും പോണ്ടിച്ചേരിയും പ്രത്യേക സ്റ്റാളുകൾ തന്നെ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ടൂറിസം സാധ്യതകൾ ലോകത്തിന്റെ മുമ്പാകെ കൊണ്ടുവരാൻ എ.ടി.എം മികച്ച അവസരമായി മാറുമെന്ന് പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ പറഞ്ഞു.
മലേഷ്യ, തായ്ലാൻറ്, മാലിദ്വീപ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിപുലമായ പവലിയനുകളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ യാത്രയുമായി ബന്ധപ്പെട്ട പുതിയ പ്രവണതകളും ഇത്തവണ എ.ടി.എം മേളയുടെ പ്രത്യേകതയാണ്.
ചതുർദിന മേളയ്ക്കിടെ മൂന്ന് വേദികളിലായി 63 സമ്മേളനങ്ങളും നടക്കും. സഞ്ചാര മേഖലയിലെ പുതിയ ട്രെൻഡുകളും ആശയങ്ങളും പരിചയപ്പെടുത്താനും മേളയിൽ സംവിധാനം ഉണ്ട്. ആയിരക്കണക്കിന് ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികൾ എന്നിവരും മേളയ്ക്കായി ദുബൈയിൽ എത്തിയിട്ടുണ്ട്. മേള ഈ മാസം നാലു വരെ നീണ്ടുനിൽക്കും.