അബൂദബി നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന എആർടി സർവിസ്
|വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിലെ നിർദ്ദിഷ്ട റൂട്ടുകയിൽ സേവനം ലഭ്യമാവും
അബൂദബി നഗരത്തിൽ ദൈനംദിന കാര്യങ്ങൾക്കായി പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിക്കുന്നവർക്ക് ഇനി പുതിയ യാത്രാ അനുഭവം ആസ്വദിക്കാം. കഴിഞ്ഞ വാരാന്ത്യത്തിലാണ് നഗരവാസികളെ അത്ഭുതപ്പെടുത്തിയ എആർടി ( ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ്) യാത്രാ സംവിധാനം ആരംഭിച്ചത്. നഗരവാസികൾക്ക് ആധുനികവും സുഗമവുമായ ഗതാഗത അനുഭവമാണ് പുതിയ സംവിധാനം സമ്മാനിക്കുന്നത്.
ത്രീ-കാരിയേജ്, എയർ കണ്ടീഷൻഡ് ഇലക്ട്രിക് വാഹനം ബസുകളും ട്രാമുകളും സംയോജിപ്പിച്ച ആധുനിക യാത്രാ സംവിധാനമാണ്. നഗരത്തിലെ ജനപ്രിയ റൂട്ടുകളിൽ ഇതിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ- ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തിൽ യാസ് ദ്വീപിലും സാദിയാത്ത് ദ്വീപിലും മാത്രമായിരുന്നു സേവനം ലഭിച്ചിരുന്നത്.
ഇനി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിലെ നിർദ്ദിഷ്ട ഇടങ്ങളിലും സേവനം ലഭ്യമാവും. പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന എആർടി- ഒരേ സമയം 200 യാത്രക്കാരെ വരെ ഉൾക്കൊള്ളും.
ദുബൈ മെട്രോയോട് സാമ്യമുള്ള ഇൻ്റീരിയറാണ് ഒരുക്കിയിരിക്കുന്നത്. പ്ലഷ് സീറ്റുകൾ, സ്റ്റാൻഡിങ് പാസഞ്ചർ സ്ട്രാപ്പുകൾ, പനോരമിക് വിൻഡോകൾ, ഡിജിറ്റൽ സ്റ്റോപ്പ് അറിയിപ്പുകൾ എന്നിവയെല്ലാം സവിശേഷതകളാണ്.
നിലവിൽ റീം മാളിനെയും മറീന മാളിനെയും ബന്ധിപ്പിക്കുന്ന സർവിസാണ് ഉള്ളത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റീം മാളിൽ നിന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും മറീന മാളിൽ നിന്ന് രാവിലെ 11 മുതൽ വൈകിട്ട് 3 വരെയും സർവീസ് നടത്തും.
ഗൂഗിൾ മാപിലും ഔദ്യോഗിക ആപ്പിലും യാത്രക്കാർക്ക് സർവിസ് സമയങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ, ബസ് സ്റ്റോപ്പുകളിലും മറ്റും സ്ഥാപിച്ച QR കോഡുകളിലൂടെയും കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താവുന്നതാണ്.