UAE
ഫോണിൽ ആദ്യത്തെ നമ്പർ നിങ്ങളുടേതാണ്, എന്തെങ്കിലും സംഭവിച്ചാൽ നാട്ടിലെത്തിച്ചേക്കണേ..; അന്ന് ചിരിച്ചു, ഒടുവിൽ...
UAE

"ഫോണിൽ ആദ്യത്തെ നമ്പർ നിങ്ങളുടേതാണ്, എന്തെങ്കിലും സംഭവിച്ചാൽ നാട്ടിലെത്തിച്ചേക്കണേ.."; അന്ന് ചിരിച്ചു, ഒടുവിൽ...

Web Desk
|
3 Nov 2022 2:09 PM GMT

'ചില യാഥാർഥ്യങ്ങൾ ഇങ്ങനെയാണ് നമുക്ക് വിശ്വസിക്കാൻ കഴിയില്ല...'

"നാട്ടിലുള്ളവർക്കും നിങ്ങളുടെ നമ്പറാണ് നൽകിയിരിക്കുന്നത്.. എന്തെങ്കിലും സംഭവിച്ചാൽ.."; അന്ന് ആ സുഹൃത്ത് അങ്ങനെ പറയുമ്പോൾ ഒരിക്കലും ഇങ്ങനെയൊരു അവസ്ഥ പ്രതീക്ഷിച്ചിരുന്നില്ല. ചില യാഥാർഥ്യങ്ങൾ ഇങ്ങനെയാണ് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഏറെ വൈകാരികമായാണ് അഷ്‌റഫ് താമരശ്ശേരി ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഗൾഫിൽ നിന്ന് ഓരോ മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കുമ്പോൾ അവരുടെ ഉറ്റവരെ ഓർത്ത് ഉള്ളുപിടയാതിരിക്കുന്നതെങ്ങനെ. നടപടികൾ എല്ലായ്‌പ്പോഴും ഒരുപോലെ തന്നെയാണെങ്കിലും മനസിൽ നിറയുന്ന വികാരങ്ങൾ പലതായിരിക്കും. ഒരു ദീർഘനിശ്വാസത്തോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയാത്ത അനുഭവക്കുറിപ്പ് ഇങ്ങനെ..

"കഴിഞ്ഞ ആഴ്ച്ച ദുബയിലെ സോനാപൂരില്‍ നാലു മൃതദേഹങ്ങള്‍ കയറ്റിയയക്കുന്നത്തിനുള്ള തുടര്‍ നടപടികളുടെ തിരക്കിലായിരുന്നു ഞാന്‍. മൃതദേഹങ്ങളുടെ ഉറ്റവരുടെ കൂട്ടത്തില്‍ വന്നൊരാള്‍ ഒരു കുപ്പി വെള്ളവും ഒരു പഴവും എനിക്ക് തന്നു. നല്ല വിശപ്പുള്ള സമയമായിരുന്നു. എന്നാല്‍ പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ ഒഴിവുള്ള സമയവും ആയിരുന്നില്ല. വല്ലാത്തൊരു അനുഗ്രഹമായിരുന്നു ആ ഭക്ഷണം. എന്നോടൊപ്പം അദ്ദേഹത്തിനും ഒരു കഷ്ണം നല്‍കി അത് കഴിച്ചു. എന്‍റെ ആ നേരത്തെ അവസ്ഥ കണ്ടിട്ട് അദ്ദേഹം പുറത്ത് പോയി വാങ്ങി വന്നതായിരുന്നു അത്.

ഭക്ഷണം കഴിച്ച ശേഷം കുശലാന്വേഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം ഒരു കാര്യം പറഞ്ഞത്. അദ്ദേഹത്തിന്‍റെ ഫോണില്‍ ആദ്യത്തേത് എന്‍റെ നമ്പര്‍ ആണെന്ന്. നാട്ടിലുള്ള ഭാര്യക്കും എന്‍റെ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അത്യാഹിതം എന്തെങ്കിലും സംഭവിച്ചാല്‍ അധികം വൈകാതെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തമാശയായി കണ്ട് ചിരിച്ചു തോളില്‍ തട്ടിയാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ആശുപത്രിയില്‍ നിന്നും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട ഒരു കേസ് വന്നിരുന്നു. ഉടനെ തന്നെ എനിക്ക് അവിടെയെത്താന്‍ കഴിഞ്ഞിരുന്നു. മൃതദേഹം കണ്ടപ്പോള്‍ ഞാന്‍ ആകെ തരിച്ചുപോയി. അന്ന് എനിക്ക് പഴവും വെള്ളവും വാങ്ങിത്തന്ന സഹോദരന്‍. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. സാവധാനം ആ യാഥാര്‍ത്ഥ്യം മനസിനെ ബോധ്യപ്പെടുത്തേണ്ടി വന്നു.

ആ പ്രിയ സഹോദരന്‍ കൂടി യാത്രയായിരിക്കുന്നു. ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയാണ് നമുക്ക് വിശ്വസിക്കാനേ കഴിയില്ല. ഈ സഹോദരന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ച് തിരികേ ഒറ്റക്ക് വീട്ടിലേക്ക് വരുമ്പോള്‍ അസ്വസ്ഥതകള്‍ മനസിനെ വല്ലാതെ പിടികൂടി. ഏറ്റവും അടുത്ത സുഹൃത്തിനെ വിളിച്ച് ഈ വിഷമങ്ങള്‍ പങ്ക് വെച്ച് സമാധാനമായയിട്ടാണ് വീട്ടിലേക്ക് കയറിയത്.

അദ്ദേഹത്തിന്‍റെ വീട്ടുകാരേയും പ്രിയപ്പെട്ടവരേയും കുറിച്ചാണ് അപ്പോള്‍ ഞാന്‍ ആലോചിച്ചത്. അവര്‍ എത്ര മാത്രം വേദനിക്കുന്നുണ്ടാകും എന്ന്. ഓരോ മരണങ്ങളും എത്രയോ പേരെ തീരാ ദുഖത്തിലാക്കുന്നു....... എല്ലാവർക്കും നല്ലത് മാത്രം വരട്ടേയെന്ന പ്രാര്‍ഥനകള്‍ മാത്രം.."

ഗൾഫ് മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധനേടിയ വ്യക്തിയാണ് അഷ്‌റഫ് താമരശ്ശേരി. പ്രവാസി ഭാരതീയ സമ്മാനത്തിന് അർഹനായ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമാണ് ഇദ്ദേഹം. ഗൾഫിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പ്രവാസികൾക്ക് ചെയ്യുന്ന സേവനങ്ങളാണ് അദ്ദേഹത്തെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് അർഹനാക്കിയത്.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ ഇദ്ദേഹം 16 വർഷമായി അജ്‌മാനിലാണ് പ്രവർത്തിക്കുന്നത്. യു.എ.ഇയിൽ വെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. അഷ്റഫിൻെറ ജീവിതം ആസ്‌പദമാക്കി 'പരേതർക്കൊരാൾ' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ബഷീര്‍ തിക്കൊടിയാണ് പുസ്‌തകത്തിന്റെ രചയിതാവ്.

Related Tags :
Similar Posts