ഏഷ്യാ കപ്പ്; ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാൻ പുതിയ നിബന്ധന
|ഈ മാസം 27ന് യു.എ.ഇയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് പുതിയ നിബന്ധനയുമായി അധികൃതർ. 28ന് നടക്കുന്ന ഈ മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കണമെങ്കിൽ മറ്റു മത്സരങ്ങളുടെ ടിക്കറ്റുകളും കൂടെ എടുക്കണം.
അഥവാ മറ്റൊരു മത്സരത്തിന്റെ ടിക്കറ്റിനോടൊപ്പം പാക്കേജ് രൂപത്തിൽ മാത്രമേ ഇന്ത്യ-പാക് മതസരത്തിന്റെ ടിക്കറ്റ് ഇനി ലഭിക്കുകയൊള്ളുവെന്ന് ചുരുക്കം. ഇന്ന് രാവിലെ 10 മുതലാണ് ഈ മത്സരത്തിന്റെ രണ്ടാം ബാച്ച് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചത്. ഒന്നാം ബാച്ചിൽ വിൽപ്പന ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു.
എന്നാൽ മറ്റു മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് കാര്യമായ ഡിമാന്റില്ലാത്തതാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ടിക്കറ്റിങ് പങ്കാളിയായ പ്ലാറ്റിനം ലിസ്റ്റാണ് ഈ പുതിയ നിബന്ധന മുന്നോട്ടുവച്ചിരിക്കുന്നത്. ഓഗസ്റ്റ് 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം. ആദ്യ ബാച്ച് ടിക്കറ്റുകൾക്കായി നിരവധി ആരാധകരാണ് മണിക്കൂറുകളോളം കാത്തുനിന്നത്.
ചിലർ തങ്ങൾക്ക് ലഭിച്ച ടിക്കറ്റുകൾ അമിതവിലയീടാക്കി കരിഞ്ചന്തയിൽ വിൽക്കുന്നതും ശ്രദ്ദയിൽപെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം ടിക്കറ്റുകൾ ഉപയോഗിച്ച് ഒരുപക്ഷെ സ്റ്റേഡിയത്തിന്കത്തേക്ക് പ്രവേശിക്കാൻ സാധിക്കണമില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.