ഔഡി ആർ.എസ് ഇ-ട്രോൺ: ദുബൈ പൊലീസിന്റെ ആഡംബര കാർ ശേഖരത്തിൽ പുതിയ അതിഥി
|ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് മേളയിലാണ് പുതിയ ആഡംബര കാർ അവതരിപ്പിച്ചത്
ദുബൈ പൊലീസിന്റെ ആഡംബര കാർ ശേഖരത്തിൽ മറ്റൊരു അതിഥി കൂടി. ഔഡിയുടെ ഏറ്റവും പുതിയ ഇലക്ട്രിക്മോഡൽ ആർ.എസ് ഇ-ട്രോൺ ജി.ടിയാണ്ദുബൈ പൊലീസ് സ്വന്തമാക്കിയത്. ഇതോടെ ദുബൈ പൊലീസിന്റെ ഇലക്ട്രിക് കാറുകളുടെ എണ്ണം രണ്ടായി.
ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് മേളയിലാണ് പുതിയ ആഡംബരകാർ അവതരിപ്പിച്ചത്. ദുബൈയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇവ ഉപയോഗിക്കും. ജെ.ബി.ആർ, ഡൗൺ ടൗൺ, ദുബൈ മരീന എന്നിവ ഉൾപ്പെടെ വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന പ്രദേശങ്ങളിൽ പരിശോധനക്കായി ഇത്തരം കാറുകൾ ഉപയോഗപ്പെടുത്തും.
646 എച്ച്.പി കരുത്തുള്ള മോഡലിൽ 800 വോൾട്ടിന്‍റെ ലിതിയം ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 472 കിലോമീറ്റർ ഓടിയെത്താൻ കാറിന് സാധിക്കും. അഞ്ചു ശതമാനത്തിൽ നിന്ന് 80 ശതമാനം ചാർജാവാൻ വെറും 22.5 മിനിറ്റ് മതി. മണിക്കൂറിൽ 3.3 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും.