പണം നൽകാത്തവർ കുടുങ്ങും; ദുബൈയിൽ ബസ് യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനം
|പുതിയ 636 ബസുകളിലും ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനം, സൗജന്യയാത്ര നടത്തിയാൽ 200 ദിർഹം പിഴ
ദുബൈ: ബസിലെ യാത്രക്കാരുടെ എണ്ണം ഓട്ടോമാറ്റിക്കായി കണക്കാക്കുന്ന സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ആർ.ടി.എ പുറത്തിറക്കുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമുണ്ടായിരിക്കും. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ഈ സംവിധാനം സഹായകമാകും.
യാത്രക്കാരെ പൂർണവിശ്വാസത്തിലെടുത്താണ് ഇപ്പോൾ ദുബൈയിലെ ബസുകൾ സർവീസ് നടത്തുന്നത്. യാത്രക്കായി ബസിൽ കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവും പണം നൽകാനുള്ള നോൽകാർഡ് യാത്രക്കാർ ടാപ്പ് ചെയ്യണം. എന്നാൽ, ടാപ്പ് ചെയ്യാതെ ബസിൽ സൗജന്യയാത്ര നടത്തുന്നവരുണ്ട്. ഇൻസ്‌പെക്ടർമാർ നടത്തുന്ന ചില മിന്നൽ പരിശോധനകളിലാണ് ഇവർ പിടിയിലാകാറ്. പണം നൽകാതെ യാത്ര ചെയ്തവരിൽ 200 ദിർഹം പിഴ ഈടാക്കും.
എന്നാൽ, ആർ.ടി.എ പുതുതായി ഇറക്കുന്ന 636 ബസുകളിലും ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമുണ്ടാകും. ഇതിന്റെ സെൻസറുകൾ ബസിൽ കയറുന്ന ഓരോയാത്രക്കാരന്റെയും കണക്കെടുക്കും. നോൽകാർഡ് ടാപ്പ് ചെയ്തവരുടെ എണ്ണവും ബസിൽ കയറിയവരുടെ എണ്ണവും ഈ സംവിധാനം ഒത്തുനോക്കും. ടാപ്പ് ചെയ്യാത്തവരെ ഉടൻ പരിശോധനയിലൂടെ തിരിച്ചറിയാനുമാകും കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന ആറുദിവസത്തെ മാത്രം പരിശോധനയിൽ പണം നൽകാതെ ബസിൽ യാത്രചെയ്ത 1193 പേർക്ക് ദുബൈയിൽ പിഴയിട്ടിരുന്നു.