ദോഹ അന്താരാഷ്ട്ര ഹോർടികൾചർ എക്‌സ്‌പോ: സ്വയം നിർമിത പവലിയൻ വിഭാഗത്തിൽ യു.എ.ഇ ഒന്നാമത്
|മികച്ച പവലിയനുകൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
ദോഹ അന്താരാഷ്ട്ര ഹോർടികൾചർ എക്‌സ്‌പോയിലെ മികച്ച പവലിയനുകൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ദോഹ സംഘാടക സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ വിവിധ വിഭാഗങ്ങളിൽ വിജയികളായ പവലിനുകൾക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സ്വയം നിർമിത പവലിയൻ വിഭാഗത്തിൽ യു.എ.ഇ ഒന്നാമതെത്തിയപ്പോൾ ഏറ്റവും വലിയ പവലിയൻ അവാർഡ് ദക്ഷിണ കൊറിയയും ഇടത്തരം പവലിയൻ പുരസ്‌കാരം സെനഗലും സ്വന്തമാക്കി.
ഇന്റീരിയർ ഡിസൈനിനുള്ള സ്വർണ മെഡൽ ജപ്പാൻ പവലിയനാണ്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ സ്വയം നിർമിച്ചത്, ഏറ്റവും വലുത്, ഇടത്തരം എന്നീ കാറ്റഗറികളിൽ യഥാക്രമം ഇറ്റലി, അംഗോള, മെക്സിക്കോ എന്നീ പവലിയനുകളാണ് ജേതാക്കളായത്.
വിദ്യാഭ്യാസ മേഖലയിൽ കുവൈത്ത്, അറബ് ലീഗ്, ക്യൂബ പവലിയനുകൾ പ്രത്യേക പരാമർശം നേടി. മികച്ച ആതിഥേയത്വത്തിന് ജി.സി.സി, യെമൻ, അൾജീരിയ എന്നിവർ അവാർഡ് സ്വന്തമാക്കി. എ.ഐ.പി.എച്ച് വിഭാഗത്തിൽ തുർക്കിക്കാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച ഉൽപന്ന വിഭാഗത്തിൽ ജപ്പാനും ജേതാവായി.
ദോഹ എക്സ്പോ 2023ന്റെ പ്രമേയത്തെ പ്രതിഫലിപ്പിച്ചതിൽ കാബോവെർഡെ, സുഡാൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് ബഹുമതിക്ക് അർഹരായത്.