UAE
വിമാനയാത്രക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അയാട്ട
UAE

വിമാനയാത്രക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അയാട്ട

ijas
|
17 Feb 2022 5:38 PM GMT

വിമാനയാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയും, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ക്വാറന്‍റൈനും ഒഴിവാക്കണമെന്ന് ആഴ്ചകളായി അയാട്ട സർക്കാറുകളോട് ആവശ്യപ്പെടുന്നുണ്ട്

വിമാനയാത്രക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ. ചില രാജ്യങ്ങൾ നിയന്ത്രണം ഒഴിവാക്കിയതിനാൽ അന്താരാഷ്ട്ര ടിക്കറ്റ് വിൽപന 11 ശതമാനം ഉയർന്നതായും അയാട്ട ചൂണ്ടിക്കാട്ടി.

വിമാനയാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയും, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ക്വാറന്‍റൈനും ഒഴിവാക്കണമെന്ന് ആഴ്ചകളായി അയാട്ട സർക്കാറുകളോട് ആവശ്യപ്പെടുന്നുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് 18 വിപണികൾ പരിശോധനയും ക്വാറന്‍റൈനും ഒഴിവാക്കാൻ തയാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചക്കുള്ള അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെ വിൽപന 11 ശതമാനം ഉയർന്നതെന്ന് അയാട്ട പറയുന്നു. 2019 ൽ ഇതേ കാലയളവിലെ കണക്കുകളെ താരതമ്യം ചെയ്താണ് അയാട്ട സർവേയും റിപ്പോർട്ടും തയാറാക്കിയിരിക്കുന്നത്. കോവിഡ് തുടങ്ങിയതിന് ശേഷം കടന്നുവന്ന ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന നിരക്കാണിതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

18 വിപണികൾ വാക്സിൻ സ്വീകരിച്ചവർക്ക് പരിശോധനയും ക്വാറന്‍റൈനും ഒഴിവാക്കിയപ്പോൾ ഇവയടക്കം 28 വിപണികൾ വാക്സിനെടുത്തവർക്ക് ക്വാറന്‍റൈൻ ഒഴിവാക്കാൻ സന്നദ്ധമായിട്ടുണ്ട്. പക്ഷെ, അവയിൽ 10 വിപണികൾ യാത്രക്ക് മുമ്പ് ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. 37 വിപണികൾ വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര അനുവദിക്കുന്നുണ്ടെങ്കിലും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച 50 ട്രാവൽ മാർക്കറ്റുകളിൽ 13 എണ്ണം ഇപ്പോഴും വാക്സിനെടുത്തുവർക്ക് എളുപ്പത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന് അയാട്ട പറയുന്നു. രോഗവ്യാപനം തടയാൻ യാത്രവിലക്കുകൾ കാര്യമായ ഗുണം ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം നൽകാൻ സർക്കാറുകൾ തയാറാകണം. വാക്സിനെടുക്കാത്തവർ നെഗറ്റീവ് പരിശോധനാ ഫലവുമായി വന്നാൽ അവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് എന്നാണ് അയാട്ടയുടെ നിലപാട്.

Similar Posts