UAE
റമദാനില്‍ ഭിക്ഷാടനം ഓണ്‍ലൈന്‍ വഴിയും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
UAE

റമദാനില്‍ ഭിക്ഷാടനം ഓണ്‍ലൈന്‍ വഴിയും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Web Desk
|
24 April 2022 10:42 AM GMT

ദുബൈ: റമദാനില്‍ ഭിക്ഷാടനം വര്‍ധിക്കുമ്പോള്‍ പലരൂപത്തിലും ഭാവത്തിലുമാണ് പുതിയ തട്ടിപ്പു സംഘങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ്, ഇമെയില്‍ വഴി നടത്തുന്ന ഇത്തരം പുതിയ തട്ടിപ്പുകളില്‍ വീഴരുതെന്നാണ് ഇപ്പോള്‍ ദുബൈ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

യാചകരുടേയും ദരിദ്രരായ ആളുകളുടെയും ദയനീയ ചിത്രങ്ങള്‍ അയച്ചും അനാഥരെയും രോഗികളെയും സഹായിക്കാനും ചികിത്സിക്കാനുമാണെന്നും പറഞ്ഞാണ് കൂടുതല്‍ തട്ടിപ്പുകളും നടക്കുന്നത്. കൂടാതെ വികസ്വര രാജ്യങ്ങളില്‍ പള്ളികളും സ്‌കൂളുകളും പണിയാനും സഹായം ആവശ്യപ്പെട്ടുള്ള കഥകളും മെനഞ്ഞുണ്ടാക്കുന്നുണ്ട് പലരും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ സര്‍ക്കാര്‍ തന്നെ നേരിട്ട് ഔദ്യോഗിക ചാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യമുള്ളവര്‍ ഈ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ദുബൈ പോലീസിലെ സുരക്ഷാ വിഭാഗം ഡയരക്ടര്‍ അഹ്മദ് ബിന്‍ ദാര്‍വിഷ് അല്‍ ഫലാസി പറഞ്ഞു.

ഭിക്ഷാടകരെക്കുറിച്ചുള്ള വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 901ലോ ദുബൈ പോലീസ് ആപ്പ് വഴിയോ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യാചകരെയും സംശയാസ്പദമായ സൈബര്‍ പ്രവര്‍ത്തനങ്ങളെയും www.ecrime.ae എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബൈ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വിശുദ്ധ റമദാന്‍നില്‍ തങ്ങളുടെ ഔദാര്യവും സഹായമനസ്‌കതയും മുതലെടുക്കുന്ന യാചകര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് ഉണര്‍ത്തി.

Similar Posts