ദുബൈയിൽ വൻ ലഹരിമരുന്ന് വേട്ട; 387 കോടി ദിർഹമിന്റെ ഗുളിക പിടിച്ചെടുത്തു
|വാതിലുകളിൽ ഒളിപ്പിച്ചാണ് കടത്ത് ശ്രമം
ദുബൈയിൽ വൻ ലഹരിമരുന്ന് വേട്ട. 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ ദുബൈ പൊലീസ് പിടിച്ചെടുത്തു. ലഹരികടത്ത് സംഘത്തിലെ ആറുപേർ അറസ്റ്റിലായി. വീട് നിർമാണത്തിന് ഉപയോഗിക്കുന്ന വാതിലുകളിലും, പാനലുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
'ഓപ്പറേഷൻ സ്റ്റോം’ എന്ന പേരിലായിരുന്നു വൻ ലഹരിമരുന്ന് വേട്ട. യു.എ.ഇ ആഭ്യന്തരമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് ഓപ്പറേഷന്റെ വിവരങ്ങൾ പുറത്തുവിട്ടത്. അഞ്ചു ഷിപ്പിങ് കണ്ടെയ്നറുകളിൽ 651 വാതിലിലും 432 ജനൽ പാളികളിലുമായാണ് നിരോധിത ഗുളികകൾ ഒളിപ്പിച്ചിരുന്നത്.
യു.എ.ഇ തീരത്തെത്തിയ ചരക്ക് കപ്പലിൽ നിരോധിത വസ്തുക്കളടങ്ങിയ കണ്ടെയ്നറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദൗത്യം ആരംഭിച്ചത്. യു.എ.ഇയിലെത്തിച്ച ശേഷം മറ്റൊരു രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. തുറമുഖത്തെത്തിയ ഷിപ്പിങ് കണ്ടെയ്നറുകൾ വ്യവസായ മേഖലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങൾ ഒന്നിന് പിറകെ ഒന്നായി പൊലീസിന്റെ പിടിയിലായത്.