ദ്വിരാഷ്ട്ര പദ്ധതി മാത്രം പരിഹാരം; ഗസ്സ വിഷയത്തില് യുഎസിനോട് യു.എ.ഇ
|ഗസ്സയിലെ മാനുഷിക പ്രശ്നങ്ങളിൽ യുഎഇ നടത്തുന്ന ഇടപെടലുകളെ യുഎസ് പ്രസിഡണ്ട് പ്രശംസിച്ചു
യുഎസ് പ്രസിഡണ്ട് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗസ്സ വിഷയം ചർച്ച ചെയ്ത് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ശാശ്വത പരിഹാരമെന്ന് അദ്ദേഹം ആവർത്തിച്ചു. സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത വാർത്താ കുറിപ്പിൽ ഇരുനേതാക്കളും വ്യക്തമാക്കി.
യുഎൻ രക്ഷാസമിതിയുടെ മാനദണ്ഡങ്ങൾ പ്രകാരം ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കേണ്ടതുണ്ട്. സമാധാനത്തിനായി ഇരുപക്ഷവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണം. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ശാശ്വത പരിഹാരത്തിനുള്ള ഏക മാർഗം. ഇതിന് തടസ്സം നിൽക്കുന്ന ഏകപക്ഷീയമായ എല്ലാ നീക്കങ്ങളിൽനിന്നും ഇരുപക്ഷവും പിന്തിരിയണം. അറബ് പീസ് ഇനീഷ്യേറ്റീവിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാകേണ്ടത്. ജറൂസലേമിന്റെ ചരിത്രപദവി നിലനിർത്തുകയും വേണം- സംയുക്ത പ്രസ്താവന പറയുന്നു.
ഗസ്സയിലെ മാനുഷിക പ്രശ്നങ്ങളിൽ യുഎഇ നടത്തുന്ന ഇടപെടലുകളെ യുഎസ് പ്രസിഡണ്ട് പ്രശംസിച്ചു. അടിയന്തര സഹായത്തിനായി കടൽ വഴിയുള്ള ഇടനാഴി സ്ഥാപിച്ചും ആശുപത്രികൾ തുടങ്ങിയും അസാധാരണമായ ഇടപെടലാണ് യുഎഇ നടത്തിയത്. പരിക്കേറ്റ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിലും അർബുദ രോഗികൾക്ക് പിന്തുണ നൽകുന്നതിലും യുഎഇയുടെ ഇടപെടൽ നിർണായകമായെന്നും ബൈഡൻ ഭരണകൂടം പറഞ്ഞു.
ഈജിപ്തിനും ഖത്തറിനുമൊപ്പം ഗസ്സയിൽ യുഎസ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ യുഎഇ എടുത്തു പറഞ്ഞു. അടിയന്തരമായ വെടിനിർത്തലും ബന്ദി മോചനവും അത്യാവശ്യമാണ്. പശ്ചിമേഷ്യയിലെ സമാധാനത്തനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന എല്ലാ ഭീഷണികളും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പരിഹരിക്കേണ്ടതുണ്ട്. ഇരുരാഷ്ട്രങ്ങളും അതിന്റെ മുൻപന്തിയിൽ ഉണ്ടാകുമെന്നും പ്രസ്താവന പറയുന്നു. ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണവും ഇരുനേതാക്കളും ചർച്ച ചെയ്തു. സംഘർഷം ഇല്ലാതാക്കാൻ മേഖലയിലെ രാഷ്ട്ര നേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജോ ബൈഡൻ യുഎഇ പ്രസിഡണ്ടിനെ അറിയിച്ചു.