ബിഷപ്പുമാർ ഷാർജ ഭരണാധികാരിയെ കണ്ടു; മതസൗഹാർദം ശക്തമാക്കാൻ ആഹ്വാനം
|യു.എ.ഇക്ക് നന്ദി അറിയിച്ച് സഭാധ്യക്ഷൻ
ഷാർജ: മത സൗഹാർദം ഊട്ടിയുറപ്പിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഷാർജ ഭരണാധികാരി. വിവിധ മതങ്ങളെ കുറിച്ച ഉൾക്കാഴ്ച രൂപപ്പെടുത്തി സഹിഷ്ണുതാപൂർവമായ അന്തരീക്ഷം നിലനിർത്തുക പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ സാരഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷാർജ ഭരണാധികാരി ഇക്കാര്യം വ്യക്തമാക്കിയത്
പശ്ചിമേഷ്യയിലെ കത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷൻ ബിഷപ്പ് പൗലോ മാരിനെല്ലി, സ്ഥാനമൊഴിഞ്ഞ ബിഷപ്പ് പോൾ ഹിൻഡർ എന്നിവരാണ് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ
ബിൻ മുഹമ്മദ് ആൽ ഖാസ്മിയുമായി ചർച്ച നടത്തിയത്. എല്ലാ മത വിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച യു.എ.ഇ ലോക മതസൗഹാർദത്തിനും സഹിഷ്ണതക്കും വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു. മനുഷ്യർക്കിടയിൽ ഐക്യം രൂപപ്പെടുത്താൻ മതനേതൃത്വത്തിന് വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭക്ക് യു.എ.ഇ നൽകി വരുന്ന ഉദാരമായ സഹായത്തിനും സ്വാതന്ത്ര്യത്തിനും ബിഷപ്പ് പൗലോ മാരിനെല്ലി ഷാർജ ഭരണാധികാരിയെ നന്ദി അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷികത്തിന്റെ ഭാഗമായാണ് ബിഷപ്പുമാർ ഷാർജയിലെത്തിയത്.