UAE
BJP Targets Communal Division in Kerala, should be taken seriously says K Muralidharan MP
UAE

കേരളത്തിൽ ബിജെപി സാമുദായിക വിഭജനം ലക്ഷ്യമിടുന്നു; ഗൗരവത്തിൽ കാണണമെന്ന് കെ മുരളീധരൻ

Web Desk
|
21 May 2023 6:22 PM GMT

കർണാടകയിലൂടെ ദേശീയരാഷ്ട്രീയത്തിൽ പുതിയൊരു തുടക്കം കുറിക്കുകയാണ്.

ഷാർജ: കേരളത്തിൽ സാമുദായിക വിഭജനം ലക്ഷ്യം വെച്ച്​ മോദി സർക്കാർ നടത്തുന്ന നീക്കങ്ങളെ കോൺഗ്രസ്​ ഉൾപ്പെടെയുള്ള കക്ഷികൾ ഗൗരവത്തിൽ തന്നെ കാണണമെന്ന്​ കെ. മുരളീധരൻ എം.പി. ലാഘവത്തോടെ കാണേണ്ട ഒന്നല്ല ഇത്​. ശക്തമായ ഇടപെടൽ ആവശ്യപ്പെടുന്നതാണ് ബിജെപിയുടെ നീക്കങ്ങളെന്നും കെ. മുരളീധരൻ ഷാർജയിൽ മീഡിയാവണിനോട്​ പറഞ്ഞു.

കർണാടകയിലൂടെ ദേശീയരാഷ്ട്രീയത്തിൽ പുതിയൊരു തുടക്കം കുറിക്കുകയാണ്. തന്റെ പാർട്ടിയുടെ വിജയമായിട്ടല്ല ഇതിനെ കാണുന്നത്. വർഗീയതയ്‌ക്കെതിരായ ഒരു മതേതരത്തിന്റെ വിജയമായിട്ടാണ് കാണുന്നത്. അത് മറ്റ് സ്ഥാപനങ്ങളിലും ആവർത്തിക്കാൻ കഴിഞ്ഞാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാകും.

ഇന്ത്യയുടെ തനിമ നിലനിർത്താൻ ഒരു ജനാധിപത്യ മുന്നണി അധികാരത്തിൽ വരണം. അതിൽ എല്ലാവരേയും സഹകരിപ്പിക്കണം എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. പാർട്ടി അടിത്തറ കുറഞ്ഞ സംസ്ഥാനങ്ങളിൽ ശക്തിയുള്ള ജനാധിപത്യ കക്ഷികൾ അതിനു മുൻകൈയെടുക്കണം.

ജനങ്ങൾക്ക് മുന്നിൽ വ്യക്തമായൊരു അജണ്ട വെക്കണം. വികസനമാണ് എല്ലാവരുടേയും ലക്ഷ്യം. എല്ലാവരേയും അംഗീകരിക്കുന്ന വികസനമാവണം. എല്ലാവരും അംഗീകരിക്കുന്ന വികസനമാവണം. ജാതി-മത ചിന്താഗതികൾ അതിനെയൊരിക്കലും വേർതിരിക്കരുത്.

സിപിഎമ്മുമായിട്ട് കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും സഖ്യമുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ അതുണ്ടായിട്ടില്ല. കാരണം കേരളത്തിൽ വർഗീയ കക്ഷികൾ അങ്ങനൊരു സ്വാധീനം ചെലുത്തിയിട്ടില്ല. അവർക്ക് സാധ്യതയുള്ള ചില സ്ഥലങ്ങളിൽ ജനാധിപത്യ കക്ഷികൾ, ആരും പറയാതെ തന്നെയൊരു കൂടിച്ചേരൽ ഉണ്ടാവാറുണ്ട്.

കേരളത്തിൽ വളരെ സൗഹാർദത്തിൽ കഴിയുന്ന രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിനെ അതിന്റേതായ ഗൗരവത്തിൽ കാണണം. സ്പർധയുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കണം. അക്കാര്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇല്ലായ്മ ചെയ്യണം- അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts