സ്തനാർബുദ ബോധവത്കരണ മാസം; വനിത സംഗമംവും മെഡിക്കൽ ക്യാമ്പും നടത്തി
|ലോക ആരോഗ്യ സംഘടനയുടെ സ്തനാർബുദ ബോധവത്കരണ മാസമായ ഒക്ടോബർ മാസത്തോടനുബന്ധിച്ച് ഓർമ ആസ്റ്റർ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സഹകരണത്തോടെ വനിതാ സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി. കരാമയിലെ കൊയ്ലാ ലോഞ്ച് ആൻഡ് കഫെയിലായിരുന്നു ക്യാമ്പ്.
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആസ്റ്റർ ഗ്രൂപ്പിലെ ഗൈനോക്കോളജിസ്റ്റ് ഡോ. പ്രീത വിനോജ് സ്തനാർബുദ ബോധൽകരണ ക്ലാസ്സ് നടത്തി. ഈ രോഗത്തെ കുറിച്ചുള്ള അവബോധമില്ലയ്മയും, സ്തനാർബുദ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ അഭാവവും കാരണം ഭൂരിഭാഗം കേസുകളും താരതമ്യേന വൈകിയ ഘട്ടത്തിലാണ് രോഗ നിർണ്ണയം നടത്തുന്നതെന്ന് ഡോ. പ്രീത വിനോജ് അഭിപ്രായപെട്ടു.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ സ്‌ക്രീനിങ് ടെസ്റ്റ് കൂപ്പൺ നൽകി. ഓർമ വനിത ജോയിന്റ് കൺവീനർ സുജിന ഷൈജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിത കൺവീനർ ലത അധ്യക്ഷത വഹിച്ചു.
ഓർമ രക്ഷാധികാരികാരിയും, ലോക കേരള സഭാംഗവുമായ എൻ.കെ കുഞ്ഞുമുഹമ്മദ്, ലോക കേരള സഭാംഗം, അനിത ശ്രീകുമാർ, ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, റിയാസ് കൂത്തുപറമ്പ് എന്നിവർ ആശംസകൾ പറഞ്ഞ ചടങ്ങിൽ അൽ കുസ് മേഖല കൺവീനർ ജ്യോതി നന്ദി രേഖപ്പെടുത്തി.