വ്യക്തിഗത ഫോൺ നമ്പറിൽനിന്ന് ടെലിമാർക്കറ്റിങ്: യു.എ.ഇയിൽ 2000 പേർക്കെതിരെ കേസ്
|ടെലിമാർക്കറ്റിങിന് ഉപയോഗിച്ച വ്യക്തിഗത ഫോൺ നമ്പറുകൾ സസ്‌പെൻഡ് ചെയ്തു
ദുബൈ: പുതിയ ടെലിമാർക്കറ്റിങ് നിയമപ്രകാരം യു.എ.ഇയിൽ നിയമലംഘകർക്ക് എതിരെ കർശന നടപടി തുടങ്ങി. ഉപഭോക്താക്കളെ വ്യക്തിഗത ഫോൺ നമ്പറിൽനിന്ന് ടെലിമാർക്കറ്റിങിന് വിളിച്ച 2000 പേർക്കെതിരെ ടിഡിആർഎ കേസെടുത്തു. ഇവരുടെ നമ്പറുകൾ താൽകാലികമായി സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് മുതലാണ് യു.എ.ഇയിൽ പുതിയ ടെലിമാർക്കറ്റിങ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഈ നിയമപ്രകാരം ടെലിമാർക്കറ്റിങ് കമ്പനികൾ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് മാത്രമേ ഉപഭോക്താക്കളെ വിളിക്കാൻ പാടുള്ളു. ഇത് ലംഘിച്ച 2000 പേർക്കെതിരെയാണ് യു.എ.ഇ ടെലികോം ഡിജിറ്റർ റെഗുലേറ്ററി അതോറിറ്റി നടപടി സ്വീകരിച്ചത്. ഇവരുടെ നമ്പറുകൾ താൽകാലികമായി സസ്‌പെൻഡ് ചെയ്തു. നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തു.
പുതിയ നിയമപ്രകാരം ഉപഭോക്താക്കളെ രാവിലെ ഒമ്പതിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമേ വിളിക്കാൻ പാടുള്ളൂ. ഒരിക്കൽ കോൾ നിരസിച്ചാൽ അന്നേ ദിവസം വീണ്ടും വിളിക്കാൻ പാടില്ല എന്ന കർശന നിബന്ധനകൾ പുതിയ നിയമത്തിലുണ്ട്.