'കേന്ദ്രത്തിന്റേത് അധികാര ദുർവിനിയോഗം': കെ.സി വേണുഗോപാൽ ഷാർജയിൽ
|കേരളത്തിൽ ഇടതു ഭരണകൂടവും ജനവിരുദ്ധ നടപടികൾക്കൊപ്പം മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും വേണുഗോപാൽ
പാര്‍ലിമെൻറിലും പുറത്തും അഭിപ്രായ സ്വാതന്ത്ര്യം തടയാൻ ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഷാർജയിൽ 'സമകാലീന ഇന്ത്യയും പ്രവാസവും' എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലും അവഗണിച്ച് പ്രതിപക്ഷ കക്ഷികളെയും മാധ്യമ സ്ഥാപനങ്ങളെയും വേട്ടയാടുകയാണ് കേന്ദ്രസർക്കാർ. ബിജെപിക്ക് പാര്‍ട്ടിയും ചിഹ്നനവും പതിച്ച് കൊടുക്കുന്ന എജന്‍സിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും മാറി. എൻഫോഴ്സ്മെൻറ് ഏജൻസിയെ ഭരണകൂടം പൂർണമായും ദുരുപയോഗം ചെയ്യുകയാണ്". വേണുഗോപാൽ കുറ്റപ്പെടുത്തി.
കേരളത്തിൽ ഇടതു ഭരണകൂടവും ജനവിരുദ്ധ നടപടികൾക്കൊപ്പം മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എം എല്‍ എ- എ പി അനില്‍കുമാര്‍, ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍, വൈസ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹിം, കെ എം സി സി യുഎഇ പ്രസിഡണ്ട് ഡോ. പൂത്തൂര്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.