ദുബൈയിലെ സാലിക്കിന്റെ നിരക്കിൽ മാറ്റത്തിന് സാധ്യത
|ഡൈനാമിക് പ്രൈസിങ് ഏർപ്പെടുത്തുന്ന കാര്യം സജീവ ചർച്ചയിലാണെന്ന് സാലിക് സി.ഇ.ഒ
ദുബൈ: ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ സാലിക്കിന്റെ നിരക്കിൽ മാറ്റത്തിന് സാധ്യത. നിലവിലെ സ്റ്റാൻഡേർഡ് നിരക്കിന് പകരം ഡൈനാമിക് റേറ്റിങ് സംവിധാനം കൊണ്ടുവരും. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിരക്ക് മാറുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ സൂചന നൽകി.
വാഹനം കടന്നുപോകുന്ന സമയം, ഉപയോഗിക്കുന്ന ലൈൻ, ദിവസം എന്നിവയുടെ അടിസ്ഥാനത്തിൽ നിരക്ക് മാറ്റുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനം സാലിക്കിൽ ഏർപ്പെടുത്തുന്ന കാര്യം സജീവ ചർച്ചയിലാണെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദാണ് സൂചന നൽകിയത്.
പ്രധാനറോഡുകളുടെ ഉപയോഗം കുറക്കാൻ കൂടി ലക്ഷ്യമിട്ടാണ് സാലിക് സംവിധാനം ആരംഭിച്ചത്. എന്നാൽ, നിലവിലെ നാല് ദിർഹം എന്ന സ്റ്റാൻഡേർഡ് നിരക്കിന്റെ പ്രസക്തി കുറയുകയാണെന്ന് അധികൃതർ പറഞ്ഞു. എന്ന് മുതൽ ഡൈനാമിക് പ്രൈസിങ് നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ പരിഷ്‌കാരത്തിന്റെ സാമ്പത്തിക ഫലങ്ങൾ വിലയിരുത്തിയ ശേഷം ദുബൈ എക്‌സിക്യുട്ടീവ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും ആർ.ടി.എ അധികൃതർ പറഞ്ഞു.