UAE
യു.എ.ഇയിലെ വിസാ സംവിധാനങ്ങളിലെ   മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു
UAE

യു.എ.ഇയിലെ വിസാ സംവിധാനങ്ങളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു

Web Desk
|
4 Oct 2022 5:41 AM GMT

മക്കളെ സ്‌പോൺസർ ചെയ്യാവുന്ന പ്രായപരിധിയും ഉയർത്തി

യു.എ.ഇയിലെ വിസാ സംവിധാനങ്ങളിലെ മാറ്റങ്ങൾ ഇന്നലെമുതൽ പ്രാബല്യത്തിൽ വന്നു. 90 ദിവസം കാലാവധിയുണ്ടായിരുന്ന ടൂറിസ്റ്റ് വിസകൾ രാജ്യത്ത് നിർത്തലാക്കിയിട്ടുണ്ട്. പകരം 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്റ്റ് വിസകളാണ് ഇനിയുണ്ടാവുക. ഇതടക്കം വിസാ സംവിധാനത്തിൽ നിരവധി മാറ്റങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നു.

സ്‌പോൺസർ ആവശ്യമില്ലാത്ത അഞ്ചുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷണത്തിനുള്ള വിസിറ്റ് വിസ, അഞ്ചുവർഷത്തെ ഗ്രീൻവിസ തുടങ്ങിയവക്ക് അപേക്ഷിക്കാനുള്ള സൗകര്യവും പ്രാബല്യത്തിൽ വന്നു.

താമസവിസക്കാരായ പ്രവാസികൾക്ക് മക്കളെ സ്‌പോൺസർ ചെയ്യാൻ കഴിയുന്നതിന്റെ പ്രായപരിധിയിലും മാറ്റമുണ്ട്. നേരത്തേ ആൺകുട്ടികളെ 18 വയസ് വരെയാണ് സ്‌പോൺസർ ചെയ്യാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇനിമുതൽ 25 വയസ് വരെ സ്‌പോൺസർ ചെയ്യാം. അവിവാഹിതരായ പെൺമക്കളെയും, ഭിന്നശേഷിക്കാരായ മക്കളെയും പ്രായപരിധിയില്ലാതെ സ്‌പോൺസർ ചെയ്യാനും കഴിയും.

സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർ, വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസ് ജോലിക്കാർ എന്നിവർക്കാണ് അഞ്ച് വർഷത്തെ ഗ്രീൻവിസ എന്ന സ്‌പോൺസർ ആവശ്യമില്ലാത്ത റെസിഡൻസി വിസ ലഭിക്കുക. ഗ്രീൻവിസാ അപേക്ഷകർ ബിരുദധാരികൾ ആയിരിക്കണം. യു.എ.ഇയിൽ തൊഴിൽ കരാറും 15,000 ദിർഹത്തിൽ കുറയാത്ത ശമ്പളവും വേണം.

അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ 4000 ഡോളർ അഥവാ മൂന്നരലക്ഷത്തോളം രൂപ ബാങ്ക് ബാലൻസ് നിർബന്ധമാണ്. തൊഴിൽ മന്ത്രാലയത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെ തലത്തിലുള്ള വൈദഗ്ധ്യമുള്ളവർക്കും ലോകത്തെ 500 മികച്ച യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടി പുറത്തിറങ്ങിയിറങ്ങിയവർക്കും തൊഴിലന്വേണത്തിനായുള്ള സന്ദർശക വിസക്ക് അപേക്ഷിക്കാം. ICP ആപ്പിൽ ഇതിന് സൗകര്യമുണ്ടാകും. 60 മുതൽ 120 ദിവസം വരെ കാലാവധിയുള്ള വിസയാണ് ഇവർക്ക് ലഭിക്കുക.

താമസ വിസ റദ്ധാക്കിയാൽ നിലവിൽ ഒരുമാസത്തെ ഗ്രേസ് പിരിയഡിന് പകരം ആറ് മാസം യു.എ.ഇയിൽ തുടരാൻ അവസരം നൽകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ഇത് എല്ലാതരം റെസിഡന്റ് വിസക്കും ബാധകമാണോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.

Related Tags :
Similar Posts