ഗൾഫിൽ 'വിലക്കുറവ്'; പൊന്നുംവിലയുള്ള തക്കാളി ലഗേജിലുണ്ടെങ്കിൽ കസ്റ്റംസ് പിടിക്കുമോ?
|ദുബൈയിലും അബൂദബിയിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ 'നാഷണൽ ഡേ ഓഫറി'ൽ ഒരു കിലോ തക്കാളിക്ക് വില 25.54 രൂപയായിരുന്നു
ദുബൈ: നാട്ടിൽ പൊന്നുംവിലയുള്ള തക്കാളി ലഗേജിൽ കൊണ്ടുപോകാൻ ശ്രമിച്ചാൽ കസ്റ്റംസ് പിടികൂടുമോ? ചോദ്യം തമാശയാണെങ്കിലും കാര്യം ഗൗരവമാണ്. നിലവിൽ കേരളത്തെക്കാൾ വിലക്കുറവിലാണ് ഗൾഫ് രാജ്യങ്ങളിൽ തക്കാളി ലഭിക്കുന്നത്. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പ്രത്യേകിച്ചും.
നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ തക്കാളിയുടെ വില 130 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ, യുഎഇയിൽ നിലവിൽ ഒരു കിലോ തക്കാളിയുടെ ശരാശരി വില 70.50(3.45 ദിർഹം) രൂപയാണ്. ദുബൈയിലും അബൂദബിയിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ 'നാഷണൽ ഡേ ഓഫറി'ൽ ഒരു കിലോ തക്കാളി 25.54 രൂപയ്ക്കാണ്(1.25 ദിർഹം) ലഭിച്ചത്. 3.45 ദിർഹമാണ് ഇന്ന് യുഎഇയിൽ ഒരു കിലോ തക്കാളിയുടെ ശരാശരി വില.
പ്രാദേശിക വിളവെടുപ്പ് ആരംഭിച്ചതും ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ഓഫറുകൾ നിലനിൽക്കുന്നതിനാലും വരുംദിവസങ്ങളിലും തക്കാളിയുടെയും മറ്റു പച്ചക്കറികളുടെയും വില ഇനിയും വലിയ അളവിൽ കുറയുമെന്നാണ് ദുബൈ ഖിസീസിൽ ഹൈപ്പർ മാർക്കറ്റ് നടത്തുന്ന കോഴിക്കോട് സ്വദേശി പറയുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴമൂലം വിളകൾ നശിച്ചതാണ് നാട്ടിൽ തക്കാളിവില കുതിച്ചുയരാൻ കാരണമായിരിക്കുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക വിളവെടുപ്പ് കാലം ആരംഭിച്ചതിനാൽ അടുത്ത അഞ്ചുമാസത്തോളം പച്ചക്കറി വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.