ഇസ്രായേലിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെയും അർബുദ രോഗികളേയും ചികിത്സക്കായി യു.എ.ഇയിലെത്തിച്ചു
|ഗസ്സ മുനമ്പിലെ ആശുപത്രിയിൽ നിന്നാണ് എട്ടാമത് ബാച്ച് യു.എ.ഇയിലെത്തിയത്
യു.എ.ഇ: ഇസ്രായേലിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളും അർബുദ ബാധിതരും അടങ്ങുന്ന ഒരു സംഘത്തെ കൂടി ചികിത്സക്കായി യു.എ.ഇയിലെത്തിച്ചു. ഗസ്സ മുനമ്പിലെ ആശുപത്രിയിൽ നിന്നാണ് എട്ടാമത് ബാച്ച് യു.എ.ഇയിലെത്തിയത്. അബൂദബിയിലെ വിവിധ ആശുപത്രികളിലാണ് ഇവർക്ക്ചികിൽസ നൽകി വരുന്നത്. ഗസ്സയിൽ പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദ രോഗികൾക്കും ചികിത്സ ലഭ്യമാക്കുമെന്ന യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ്നടപടി.
അടിയന്തര ചികിത്സ ആവശ്യമുള്ള 28 രോഗികളും അവരോടൊപ്പമുള്ള 35 കുടുംബങ്ങളുമാണ് അൽ ആരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഗസ്സയിലെ ഫലസ്തീൻ നിവാസികളെ സഹായിക്കുന്നതിനായി കഴിഞ്ഞ നവംബറിലാണ് 'ഗാലന്‍റ് നൈറ്റ്3' സംരംഭം യു.എ.ഇ പ്രസിഡന്‍റ് പ്രഖ്യാപിച്ചത്.
ഇതിന്‍റെ ഭാഗമായി ഗസ്സ മുനമ്പിൽ യു.എ.ഇ 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരുന്നു. ഇവിടെ 100 ലധികം അടിയന്തര ഓപറേഷനുകളാണ് ഇതുവരെ നടന്നത്. ഗാലന്‍റ് നൈറ്റ്3 ഒപറേഷന്‍റെ കണക്കുകൾ പ്രകാരം ജനുവരി നാലുവരെ 395 ഫലസ്തീനിയൻ കുട്ടികളും അർബുദ ബാധിതരും യു.എ.ഇയിലെത്തിയിട്ടുണ്ട്. ഇതോടെ ചികിത്സ തേടിവരുടെ എണ്ണം 1098 ആയി. ഗസ്സ നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി യു.എ.ഇ സർക്കാർ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റും നിർമിച്ചിരുന്നു. കൂടാതെ തണുപ്പിനെ പ്രതിരോധിക്കാനും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്ന നടപടിയും തുടരുകയാണ്.