പാർക്കിങ് മേഖല തിരിച്ചറിയാൻ ദുബൈ വിമാനത്താവളത്തിൽ കളർകോഡ്
|ഫ്ളൈ ദുബൈ യാത്രക്കാർക്ക് പാർക്കിങ് ബുക്ക് ചെയ്യാം
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ പ്രത്യേക കളർ കോഡ് വരുന്നു. നിറുത്തിയിടുന്ന വാഹനങ്ങൾ ഉടമകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കാനാണ് ഈ സംവിധാനം. ഫ്ളൈ ദുബൈ യാത്രക്കാർക്ക് വിമാനത്താവളത്തിലെ പാർക്കിങ് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമൊരുക്കും.
ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന ദുബൈ വിമാനത്താവളത്തിലെ പാർക്കിങ് നടപടികൾ എളുപ്പമാക്കാനായാണ് പുതിയ മാറ്റങ്ങൾ. ഫ്ളൈ ദുബൈ യാത്രക്കാർക്ക് ടെർമിനൽ രണ്ടിലാണ് മുൻകൂട്ടി പാർക്കിങ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ടിക്കറ്റ് ബുക്കിങ് കൺഫമേഷനിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ബുക്കിങ് നിർവഹിച്ചാൽ ദിവസം 50 ദിർഹം എന്ന നിരക്കിൽ ബുക്കിങ് സാധ്യമാകുമെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ കണക്ക് പ്രകാരം ഈവർഷം ആദ്യ ആറുമാസത്തിലെ 44.9 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോയത്. തിരക്കേറിയ വിമാനത്താവളത്തിലെ സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനങ്ങൾ.