കമ്പനി ലൈസൻസ് പുതുക്കൽ: നടപടി കർശനമാക്കി ദുബൈ
|രജിസ്റ്റർ ചെയ്ത മുഴുവൻ പങ്കാളികളും ഒ ടി പി മുഖേന സമ്മതം അറിയിക്കണം
ദുബൈയിൽ കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധന ഏർപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ ലാഭവിഹിതം കൈപറ്റാൻ രജിസ്റ്റർ ചെയ്ത മുഴുവൻ പങ്കാളികളുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ ഇനി മുതൽ ലൈസൻസ് പുതുക്കാനാകൂ. ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ, പാർട്ണറുടേയോ സാന്നിധ്യവും നിർബന്ധമാക്കി.
ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടി കൂടുതൽ കർശനമാക്കി നിർദേശം പുറപ്പെടുവിച്ചത്. ഓരോ സ്ഥാപനവും ലാഭവിഹിതം കൈപറ്റുന്ന പങ്കാളികളുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞവർഷം കർശനമാക്കിയിരുന്നു. ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പങ്കാളികളും ഒ ടി പി മുഖേന സമ്മതം അറിയിക്കണം.
ലൈസൻസ് പുതുക്കാൻ സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ, പാർട്ണറുടെയോ സാന്നിധ്യം നിർബന്ധമാക്കിയും സർക്കാർ സേവന സ്ഥാപനങ്ങൾക്ക് ദുബൈ ഇക്കണോമി സർക്കുലർ അയച്ചിട്ടുണ്ട്.
ലൈസൻസ് നടപടികൾക്കായി സമീപിക്കുന്നവരുടെ തിരിച്ചറിയൽ രേഖ, പവർ ഓഫ് അറ്റോർണി, ഫോൺ നമ്പർ എന്നിവര സൂക്ഷിച്ചുവെക്കണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ സേവന സ്ഥാപനങ്ങൾ പിഴയടക്കേണ്ടി വരും. നിയമപരമായി അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന കമ്പനി പി.ആർ.ഒമാരെ നിയന്ത്രിക്കാൻ കൂടിയാണ് പുതിയ നിബന്ധനയെന്ന് ഈരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.