ദുബൈയിലെ ഇ-സ്കൂട്ടർ, സൈക്ലിങ് പാതകളിൽ 2,173 തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി
|രാത്രിയിലും പാതകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി
ദുബൈ: ദുബൈ എമിറേറ്റിലെ ഇ-സ്കൂട്ടർ, സൈക്ലിങ് പാതകളിൽ 2,173 തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റോഡ് ഗതാഗത അതോറിറ്റി. അൽ ഖുദ്റ, ജുമൈറ, നാദ് അൽ ശെബ, മിർദിഫ്, മുശ്രിഫ് എന്നീ പാതകളിലാണ് തെരുവിളക്കുകൾ സജ്ജീകരിച്ചത്. രാത്രിയിലും പാതകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
സൈക്ലിങ്, ഇ-സ്കൂട്ടർ പാതകൾ ഉപയോഗിച്ച് കായിക പരിശീലനം നേടുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കുകയെന്നതും മറ്റൊരു ലക്ഷ്യമാണെന്ന് ആർ.ടി.എ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുല്ല ലൂത്ത പറഞ്ഞു. ആർ.ടി.എ ആസ്തികളുടെ സംരക്ഷണത്തിനും തെരുവുവിളക്കുകടെ അറ്റകുറ്റ പണികൾ പ്രധാനമാണ്. വാർഷിക പദ്ധതിയുടെ ഭാഗമായാണ് നവീകരണ ജോലികൾ. കേടുപാടുകൾ തടയുന്നതിനുള്ള പ്രത്യേക പരിശോധനക്കും ആർ.ടി.എ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫീൽഡ് പരിശോധകരുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഉടൻ അറ്റകുറ്റപണികൾ പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ ആർ.ടി.എ കാൾസെൻററുകൾ വഴി ലഭിക്കുന്ന പരാതികളുടെ പുറത്തും തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.