UAE
COP 28 Summit: Warning that sea level will rise by 10 meters
UAE

കോപ്​ 28 ഉച്ചകോടി: സമുദ്രനിരപ്പ്​ 10 മീറ്റർ ഉയരുമെന്ന്​ മുന്നറിയിപ്പ്​

Web Desk
|
8 Dec 2023 6:49 PM GMT

ദുബൈയിൽ തുടരുന്ന കോപ് 28ൽ പ്രതിനിധികൾക്കു മുമ്പാകെയാണ് വിദഗ്ധർ ഇക്കാര്യം സൂചിപ്പിച്ചത്

യു.എ.ഇ: ആഗോള താപനം രണ്ടുവർഷത്തിനകം 1.5 ഡിഗ്രിയുടെ താഴേക്ക് കുറക്കാൻ സാധിച്ചില്ലെങ്കിൽ സമുദ്രനിരപ്പ് 10മീറ്റർ ഉയരുമെന്ന് മുന്നറിയിപ്പ്. ദുബൈയിൽ തുടരുന്ന കോപ് 28ൽ പ്രതിനിധികൾക്കു മുമ്പാകെയാണ് വിദഗ്ധർ ഇക്കാര്യം സൂചിപ്പിച്ചത്. ഗുരുതര പ്രത്യാഘാതം ഉൾക്കൊള്ളുന്നതിൽ ലോകരാജ്യങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന പരാതിയും ഉച്ചകോടിയിൽ ഉയർന്നു. ആഗോള താപനം 1.5ഡിഗ്രി എന്ന പരിധി പിന്നിട്ടാൽ ഭാവി വൻ പ്രതിസന്ധിയിലാകുമെന്ന് യു.എൻ കാലാവസ്ഥ മേധാവി സൈമൺ സ്റ്റീൽ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.

അതോടെ നമുക്ക് ഭൂമിയെ തിരിച്ചു പിടിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. 1.5 എന്നത് അന്തിമ പരിധിയാണ്. അത് വെറുമൊരു തിരഞ്ഞെടുപ്പല്ല. അത് പിന്നിട്ടു കഴിഞ്ഞാൽ മഞ്ഞുപാളികൾ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സൈമൺ സ്റ്റീൽ പറഞ്ഞു. ലോകത്തെ രക്ഷിക്കാനായി ആവശ്യമായ സാങ്കേതികവിദ്യ നടപ്പിലാക്കാൻ രാഷ്ട്രീയ പ്രതിബദ്ധത പ്രകടിപ്പിക്കാൻ ഉച്ചകോടി രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

കോപ് 28 ഉച്ചകോടി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ, ഫോസിൽ ഇന്ധനം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളും സജീവം. ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ ഫോസിൽ ഇന്ധനം ഘട്ടംഘട്ടമായി കുറക്കുന്നതിന് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോസിൽ ഇന്ധനത്തിന്റെ ഘട്ടംഘട്ടമായ കുറക്കൽ അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം ഉച്ചകോടി അധ്യക്ഷനും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയുമായ സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഉച്ചകോടി ഈ മാസം 12ന് അവസാനിക്കാനിരിക്കെ അടുത്ത ദിവസങ്ങളിൽ ഫോസിൽ ഇന്ധനം സംബന്ധിച്ച നിലപാടിൽ കൂടുതൽ സംവാദങ്ങൾക്ക് സമ്മേളനം വേദിയാകും...


Similar Posts