കോവിഡ് മുന്‍കരുതല്‍; ദുബൈയിലെ ആപ്പിള്‍ ഔട്ട്ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചു
|ദുബൈ മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, യാസ് മാള്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ മൂന്ന് ഐഫോണ്‍ ഔട്ട്ലെറ്റുകളാണുള്ളത്
ദുബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ആപ്പിളിന്റെ ദുബായിലെ രണ്ട് ഔട്ട്ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. ദുബൈ മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, യാസ് മാള്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ മൂന്ന് ഐഫോണ്‍ ഔട്ട്ലെറ്റുകളാണുള്ളത്. അതില്‍ അബുദാബിയിലെ യാസ് മാളിലെ ഔട്ട്ലെറ്റ് നിലവില്‍ അടച്ചിട്ടില്ല.
ദുബൈയിലെ രണ്ട് ഔട്ട്‌ലെറ്റുകളും ജനുവരി 13 വ്യാഴാഴ്ച വരെയാണ് അടച്ചിടുകയെന്ന് യുഎസ് ടെക്നോളജി ഭീമന്‍മാര്‍ അറിയിച്ചു.
'ജനുവരി 13 വരെ ദുബൈയിലെ ഞങ്ങളുടെ ഔട്ട്ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടുകയാണെന്നും, എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കനത്ത ജാഗ്രതയുടെ ഭാഗമായാണ് ഈ നടപടി സ്വീകരിക്കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.
ജീവനക്കാര്‍ക്കിടയില്‍ കോവിഡ് കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് മുന്‍പ്, 20 ഓളം ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടിയിരുന്നു. പകര്‍ച്ചവ്യാധിയില്‍ നിന്ന് ജീവനക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനായുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സ്റ്റോറുകള്‍ അടയ്ക്കുന്നത്.