മാസപ്പിറവി നിരീക്ഷിക്കാൻ ആസ്ട്രോഫോട്ടോഗ്രഫി; യു.എ.ഇ ഫത്വ കൗൺസിലിൽ ആവശ്യം
|ഹിജ്റ മാസപ്പിറവി നിർണയത്തിന് നിലവിൽ പിന്തുടരുന്ന രീതി മാറ്റാൻ ഇത് സഹായിക്കുമെന്ന് യു.എ.ഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധൻ മുഹമ്മദ് ഷൗക്കത്ത് ഔദേ കൗൺസിലിൽ അഭിപ്രായപ്പെട്ടു.
അബൂദബി: മാസപ്പിറവി നിരീക്ഷിക്കാൻ ആസ്ട്രോഫോട്ടോഗ്രഫി അനുവദിച്ച് മതവിധി വേണമെന്ന് ആവശ്യം. അബൂദബിയിൽ നടക്കുന്ന യു.എ.ഇ ഫത്വ കൗൺസിലിന്റെ രണ്ടാമത്ത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഈ ആവശ്യമുയർന്നത്. ഹിജ്റ മാസപ്പിറവി നിർണയത്തിന് നിലവിൽ പിന്തുടരുന്ന രീതി മാറ്റാൻ ഇത് സഹായിക്കുമെന്ന് യു.എ.ഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധൻ മുഹമ്മദ് ഷൗക്കത്ത് ഔദേ കൗൺസിലിൽ അഭിപ്രായപ്പെട്ടു.
യു.എ.ഇ സഹിഷ്ണുതാ മന്ത്രി സൈഖ് നഹ്യാൻ ബിൻ മുബാറക് ആൽനഹ്യാനാണ് ഫത്വ കൗൺസിലിന്റെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തത്. നിർമിത ബുദ്ധി, ബഹിരാകാശ പര്യവേഷണം, സുസ്ഥിര വികസനം, ഗർഭപാത്രം വാടകക്കെടുക്കൽ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതങ്ങളിലെ മതവിധികൾ ഏകീകരിക്കാനും, ക്രോഡീകരിക്കാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള ഇസ്‍ലാമി പണ്ഡിതരും, കർമശാസ്ത്രവിദഗ്ധരും, ശാസ്ത്രഞ്ജരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ സമ്മേളനത്തിലാണ് മാസപ്പിറവി കൂടുതൽ ശാസ്ത്രീമായി നിരീക്ഷിക്കാനുള്ള ആസ്ട്രോഫോട്ടോഗ്രഫി ഈ രംഗത്ത് അനുവദിക്കണമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധൻ ഷൗക്കത്ത് ഔദേ ആവശ്യമുന്നറിയിച്ചത്. ആസ്ട്രോഫോട്ടോഗ്രഫിയുടെ പ്രത്യേകതകളും എന്തുകൊണ്ട് ഈ സാങ്കേതിക വിദ്യപ്രസക്തമാണെന്നും അദ്ദേഹം കൗൺസിലിൽ പറഞ്ഞു.