UAE
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് ചെലവ് 90 ശതമാനം കുറയ്ക്കും: യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി
UAE

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് ചെലവ് 90 ശതമാനം കുറയ്ക്കും: യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി

Web Desk
|
11 May 2022 7:40 PM GMT

ഇന്ത്യയും യു.എ.ഇയും തമ്മിൽ ഫെബ്രുവരിയിൽ ഒപ്പിട്ട സമഗ്ര സഹകരണ വാണിജ്യ കരാറിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് വൻ ആനൂകൂല്യങ്ങൾ നൽകുന്നത്

ഇന്ത്യൻ ഉൽപന്നങ്ങൾ യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് ചെലവുകൾ 90 ശതമാനം വരെ കുറക്കുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. ഡൽഹിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യു.എ.ഇ സമഗ്ര സഹകരണ കരാറുകൾ വഴി 1,4,0000 വിദഗ്ധ തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും യു.എ.ഇയും തമ്മിൽ ഫെബ്രുവരിയിൽ ഒപ്പിട്ട സമഗ്ര സഹകരണ വാണിജ്യ കരാറിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് വൻ ആനൂകൂല്യങ്ങൾ നൽകുന്നത്. അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പരസ്പരം ഒഴിവാക്കാനുള്ള കരാർ ഈ മാസം ഒന്ന് മുതലാണ് നിലവിൽ വന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ എണ്ണയിതര ഇടപാടുകൾ വർഷം 100 ബില്യൺ ഡോളറിലേക്ക് എത്തിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് ആൽമർറി ചൂണ്ടിക്കാട്ടി. അടുത്തവർഷത്തിനുള്ളിൽ ഈലക്ഷ്യം കൈവരിക്കും.

കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണയിതര വാണിജ്യം 45 ബില്യൺ ഡോളറാണ്. യു എ ഇ സമഗ്ര സഹകരണ കരാർ ഒപ്പിട്ട ആദ്യ രാജ്യമാണ് ഇന്ത്യ. ഇതിന് ആദ്യമായി ഇന്ത്യയെ തെരഞ്ഞെടുക്കാൻ കാരണം ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന തന്ത്രപ്രധാനമായ സഹകരണമാണ്. ഈവർഷം യു എ ഇ സമാനമായ എട്ട് കരാറുകൾ കൂടി ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.

ഏവിയേഷൻ, പരിസ്ഥിതി, ലോജിസ്റ്റിക്‌സ്, നിർമാണം, ഡിജിറ്റൽ വ്യാപാരം എന്നീ മേഖലയിൽ കൂടുതൽ മുന്നേറ്റത്തിന് സഹകരണ കരാർ വഴി തുറക്കും. ബിസിനസ് സേവനം, അക്കൗണ്ടിങ്, റിയൽ എസ്റ്റേറ്റ്, ടൂറിസം, പരസ്യം തുടങ്ങിയ 11 മേഖലകൾക്കും, 100 ഉപമേഖലകൾക്കും കരാറിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സഹമന്ത്രി അഹമ്മദ് അൽ ഫലാസി, സ്ഥാനപതിമാരായ സജഞയ് സുധീർ, അഹമ്മദ് അൽ ബന്ന, അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി, വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


Similar Posts