സൈബർ തകരാർ: രണ്ടു ദിവസത്തിനിടെ യു.എ.ഇയിൽ പത്ത് വിമാനങ്ങൾ റദ്ദാക്കി
|യു.എസ്, ആസ്ത്രേലിയ, ഇന്ത്യ, സ്പെയിൻ, കാനഡ, ഇറ്റലി, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളാണ് വിമാന സർവീസ് റദ്ദാക്കൽ മുഖേന ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്
ദുബൈ: ആഗോളതലത്തിൽ ബാധിച്ച സൈബർ തകരാറിനെ തുടർന്ന് രണ്ടു ദിവസത്തിനിടെ യു.എ.ഇയിൽ റദ്ദാക്കിയത് പത്ത് വിമാന സർവീസുകൾ. വ്യോമയാന മേഖല വിലയിരുത്തുന്ന കമ്പനിയായ സിറിയം ഡാറ്റ പുറത്തുവിട്ട കണക്കനുസരിച്ച് ശനിയാഴ്ച ആകെ 986 വിമാന സർവീസുകളിൽ ആറെണ്ണവും വെള്ളിയാഴ്ച 975 സർവീസുകളിൽ നാലെണ്ണവും മാത്രമാണ് റദ്ദാക്കിയത്.
സൈബർ തകരാർ പല രാജ്യങ്ങളിലും വലിയ രീതിയിൽ ബാധിച്ചപ്പോൾ, യു.എ.ഇ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അത് കാര്യമായ പ്രശ്‌നം സൃഷ്ടിച്ചില്ല. യു.എ.ഇയിലെ വ്യേമയാന മേഖലയിൽ ഇത് ചെറിയ ആഘാതം മാത്രമേ എൽപിച്ചുള്ളൂവെന്ന് വെള്ളിയാഴ്ച ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ചില വിമാന സർവീസുകളുടെ ചെക് ഇൻ പ്രക്രിയയിൽ ചെറിയ കാലതാമസവും നേരിട്ടു. ബദൽ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ഇത്തരം വിമാനക്കമ്പനികൾ അതിവേഗം പ്രതിസന്ധി പരിഹരിക്കുകയും ചെയ്തു. ടെർമിനൽ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച തകരാർ പരിഹരിച്ച് ഫ്‌ളൈറ്റ് പ്രവർത്തനങ്ങൾ വേഗത്തിൽ പുനഃരാരംഭിച്ചതായി ദുബൈ എയർപോർട്ട്‌സ് വ്യക്തമാക്കി.
യു.എസ്, ആസ്ത്രേലിയ, ഇന്ത്യ, സ്പെയിൻ, കാനഡ, ഇറ്റലി, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളാണ് രണ്ട് ദിവസത്തിനിടെ വിമാന സർവീസ് റദ്ദാക്കൽ മുഖേന ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.