ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ചു
|മേള 37 ദിവസം നീണ്ടുനിൽക്കും.
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ച് അധികൃതർ. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് ഡി.എസ്.എഫ് 29ആം എഡിഷന്റെ തീയതികള്‍ പുറത്തുവിട്ടത്. മേള 37 ദിവസം നീണ്ടുനിൽക്കും.
ഡിസംബര്‍ എട്ടു മുതല്‍ 2024 ജനുവരി 14 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവൽ കൂടിയാണ് ഡി.എസ്.എഫ്. ഷോപ്പിങ് ഫെസ്റ്റിവൽ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
അറബ്ലോകത്തെ പ്രമുഖ ആർട്ടിസ്റ്റുകളായ അഹ്ലം അൽ ഷംസി, അസ്സലാ നസ്റി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഇവന്റുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഡിസംബർ 15ന് കൊക്കോകോള അരീനയിൽ രാത്രിയാണ് ഇവരുടെ സംഗീത വിരുന്ന്.
രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീത വിരുന്നുകൾ, ബാസ്കറ്റ്ബോൾ മത്സരങ്ങൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, വിവിധ ഇൻസ്റ്റലേഷൻസ്, വെടിക്കെട്ട് എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും.