ഖുർആൻ കത്തിക്കുന്നത് വിലക്കി ഡെൻമാർക്ക്; പിന്തുണച്ച് അറബ് പാർലമെൻറ്
|അറബ്, മുസ്ലിം ലോകത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഡെൻമാർക്ക് ഭരണകൂടം കൈക്കൊണ്ട തീരുമാനം പ്രശംസനീയമെന്ന് അറബ് പാർലമെൻറ് നേതൃത്വം വ്യക്തമാക്കി
വിശുദ്ധ ഖുർആൻ ഉൾപ്പെടെ മതഗ്രന്ഥങ്ങൾ പൊതു ഇടങ്ങളിൽ അവഹേളിക്കുന്നത് വിലക്കി നിയമനിർമാണം നടത്താനുള്ള ഡെൻമാർക്ക് തീരുമാനത്തെ പിന്തുണച്ച് അറബ് പാർലമെൻറ്. അറബ്, മുസ്ലിം ലോകത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഡെൻമാർക്ക് ഭരണകൂടം കൈക്കൊണ്ട തീരുമാനം പ്രശംസനീയമെന്ന് അറബ് ലീഗിന്റെ ഭാഗമായ അറബ് പാർലമെൻറ് നേതൃത്വം വ്യക്തമാക്കി. വിവിധ ഗൾഫ് രാജ്യങ്ങളും ഡെൻമാർക്ക് നടപടിയെ പിന്തുണച്ച് രംഗത്തുവന്നു.
ഖുർആൻ കത്തിക്കുന്നത് വിലക്കുന്ന നിയമനിർമാണം സംബന്ധിച്ച ബിൽ സെപ്റ്റംബർ ഒന്നിന് പാർലമെൻറിൽ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഡെൻമാർക്ക് ഭരണകൂടം അറിയിച്ചത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവ് ലഭിക്കും. രാജ്യത്തിെൻറ പൊതു താൽപര്യം മുൻനിർത്തിയാണ് നടപടിയെന്നും ഡെൻമാർക്ക് നേതൃത്വം വിശദീകരിച്ചു. ഖുർആൻ, ബൈബിൾ, തോറ ഉൾപ്പെടെ മതഗ്രന്ഥങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാനുള്ള ഡെൻമാർക്ക് നീക്കത്തെ അഭിനന്ദിക്കുന്നതായി അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുർറഹ്മാൻ അൽ അസൂമി പറഞ്ഞു. വിശുദ്ധ ഖുർആൻ കത്തിച്ച സംഭവങ്ങൾ അറബ്, മുസ്ലിം ലോകത്തിന്റെ വ്യാപകമായ എതിർപ്പിന് ഇടയാക്കിയിരുന്നു.
ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒ.ഐ.സി, അറബ് ലീഗ് കൂട്ടായ്മകളും ഡെൻമാർക്കിനോട് ആവശ്യപ്പെട്ടതാണ്. ഡാനിഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള അറബ് രാജ്യങ്ങളുടെ നീക്കവും തിരുത്തൽ നടപടി സ്വീകരിക്കാൻ പ്രേരണയായി. ഡെൻമാർക്കിന്റെ മാതൃക പിന്തുടർന്ന് മതഗ്രന്ഥങ്ങളുടെ പവിത്രത നിലനിർത്താൻ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ തയാറാകണമെന്ന് അറബ് പാർലമെൻറ് യൂറോപ്യൻ യൂനിയനോടും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പാർലമെൻറ് നടപടി സ്വീകരിക്കാൻ വൈകരുതെന്നും അറബ് പാർലമെൻറ് നേതൃത്വം വ്യക്തമാക്കി