ദുബൈയിൽ ഡ്രൈവറില്ലാ ബസുകൾ ഉടൻ എത്തുന്നു; ചൈന, ഈജിപ്ത് കമ്പനികൾ മുൻനിരയിൽ
|ഡ്രൈവറില്ലാ ടാക്സികൽ അടുത്തമാസം മുതൽ
ഡ്രൈവറില്ലാ ബസുകൾ ദുബൈ റോഡുകൾ കീഴടക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഡ്രൈവറില്ലാതെ, സ്വയം നിയന്ത്രിച്ച് സർവീസ് നടത്തുന്ന യാത്രാ ബസുകൾക്കായി നടത്തിയ മൽസരത്തിൽ ചൈനീസ് നിർമിത കിങ് ലോങ് ബസ് ഒന്നാമതെത്തി.
ഈജിപ്തിനാണ് രണ്ടാം സ്ഥാനം. അവസാന റൗണ്ടിലെത്തിയ ബസുകളുടെ പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. അതേസമയം, ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ അടുത്തമാസം മുതൽ പരീക്ഷണയോട്ടം തുടങ്ങുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.
ചൈനയിലെ നിരത്തിൽ പരീക്ഷിച്ച് വിജയിച്ച വാഹനമാണ് കിങ് ലോങിന്റെ ബസുകൾ. സുരക്ഷാ മേഖലയിലെ പരിചയമാണ് തങ്ങളുടെ വിജയത്തിന് ആധാരമെന്ന് ബസിന്റെ നിർമാതാക്കൾ പറയുന്നു. 6 റഡാറുകളും 13 കാമറകളുമാണ് ഈ ബസിനെ നിയന്ത്രിക്കുന്നത്.
ഫ്രഞ്ച് നിർമാതാക്കളായ ഖാദിരി ബോട്ട്സാണ് ഡ്രൈവർ സീറ്റ് പോലുമില്ലാത്ത ബസ് അവതരിപ്പിക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന മുന്തിയ ഇനം കാറുകളും രണ്ടുദിവസം നീളുന്ന പ്രദർശനത്തിലുണ്ട്. ഡ്രൈവറില്ലാ ബസുകൾ നിരത്തിലിറക്കാൻ വിപുലമായി നിയമനിർമാണത്തിന് കാത്തിരിക്കുകയാണ് ഈ രംഗത്തെ വിദഗ്ധർ. അതേ സമയം, ഡ്രൈവറില്ലാ ബസുകൾ എന്തായാലും അടുത്തമാസം മുതൽ ദുബൈയിലെ ചില റൂട്ടുകളിൽ സർവീസ് ആരംഭിക്കുമെന്നാണ് ആർടിഎ അധികൃതർ നൽകുന്ന വിവരം.