കുട്ടികളുടെ സ്കൂൾ യാത്രാ നടപടികൾ കൈകാര്യം ചെയ്യാൻ 'ഡിടിസി സ്കൂൾ ബസ്' ആപ്പ്
|യുഎഇയിലെ സ്‌കൂളുകൾ ഉടൻ തുറക്കാനിരിക്കുകയാണ്. കുട്ടികളുടെ സ്കൂൾ യാത്രാ നടപടികളെക്കുറിച്ചായിരിക്കും നിലവിൽ രക്ഷിതാക്കളുടെ ആശങ്ക.
എന്നാൽ കുട്ടിയുടെ സുരക്ഷിത യാത്രയെ കുറിച്ചാലോചിച്ച് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല.
സ്കൂൾ ബസുകളുടെ ദൈനംദിന യാത്രാ ഷെഡ്യൂളുകൾ നിയന്ത്രിക്കുന്ന 'ഡിടിസി സ്കൂൾ ബസ്' ആപ്പ് നിങ്ങളെ സഹായിക്കും.
'ഡിടിസി സ്കൂൾ ബസ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ബസ്സിന്റെ മുഴുവൻ യാത്രയും എളുപ്പത്തിൽ ട്രാക്കുചെയ്യാൻ സാധിക്കുമെന്നതാണ് സവിശേഷത.
ആർടിഎയുടെ തന്നെ ഉപസ്ഥാപനമായ ദുബൈ ടാക്സി കോർപ്പറേഷനാണ് ആപ്പ് വികസിപ്പിച്ചത്. കുട്ടികളുടെ സ്‌കൂൾ ബസ് വൈകുമോ, നേരത്തെയെത്തുമോ, വല്ല ട്രാഫിക് ബ്ലോക്കിലും തങ്ങിനിൽക്കുകയാണോ എന്നെല്ലാം രക്ഷിതാക്കൾക്ക് നേരിട്ട് തത്സമയം മനസിലാക്കാൻ സാധിക്കും. രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ ബസിന്റെ തത്സമയ ലൊക്കേഷൻ കണ്ടെത്താനും ഗതാഗതക്കുരുക്കുകളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടെങ്കിൽ അലേർട്ടുകൾ സ്വീകരിക്കാനും സഹായകരമാണ് ആപ്പ്. ആപ്പിലൂടെ കുട്ടി സ്കൂളിലോ വീട്ടിലോ എത്തുമ്പോൾ രക്ഷിതാവിന്റെ ഫോണിൽ തൽക്ഷണ അറിയിപ്പുകൾ ലഭിക്കും.
അപ്രതീക്ഷിതമായ ഗതാഗതക്കുരുക്കുണ്ടായാലും അറിയിപ്പുകൾ ഉണ്ടാവും. കുട്ടി അവധിയാണെങ്കിൽ അതും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
ഓരോ കുട്ടിക്കും എത്ര ബസ് യാത്രകൾ നഷ്ടമായെന്ന് വരെ ഇതിലൂടെ രേഖപ്പെടുത്താം. കുട്ടി പഠിക്കുന്ന സ്കൂൾ ട്രാൻസ്‌പോർട്ട് പ്രൊവൈഡർ ഡിടിസി ആപ്പിൽ രജിസ്റ്റേഡ് ആണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
ഈ വർഷം മേയിൽ, 58 സർക്കാർ സ്കൂളുകളെDTC അതിന്റെ സ്കൂൾ ബസ് ആപ്പിലേക്ക് ചേർത്തതായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഏകദേശം 800 റൂട്ടുകളിൽ ബസുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള സേവനം DTC ആപ്പ് നൽകി വരുന്നുമുണ്ട്.
സ്കൂൾ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടോ ആപ്പിൽ സൈൻ അപ്പ് ചെയ്തോ സ്കൂളുകളുടെ ലിസ്റ്റ് പരിശോധിക്കാവുന്നതുമാണ്.