ബുർജ് ഖലീഫയുടെ കോണിപ്പടികൾ മുഴുവൻ ഓടിക്കയറി ദുബൈ കിരീടവകാശി 'ഫസ്സ'
|37.38 മിനുറ്റുകൾ കൊണ്ടാണ് ഹംദാൻ ഈ നേട്ടം കൈവരിച്ചത്
സാഹസികതയും കായിക ഇനങ്ങളും എന്നും ഏറെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് യു.എ.ഇയിലെ രാജാക്കന്മാർ. അതിനായി വേണ്ട കാര്യങ്ങളെല്ലാം ചെയ്യാൻ ഒരുക്കവുമാണ് ഭരണാധികാരികൾ. എന്നാൽ അക്കൂട്ടത്തിൽ ഒരുപടി കൂടി കടന്നാണ് സാക്ഷാൽ ദുബൈ കിരീടവകാശി ശൈഖ് ഹംദാൻ എന്ന ആരാധകരുടെ ഇഷ്ടക്കാരൻ 'ഫസ്സ'യുടെ സ്ഥാനം. കായിക ഇനങ്ങളും ഫിറ്റ്‌നസ്സും സാഹസികതയുമെല്ലാം ഹംദാന്റെ ഇഷ്ടവിനോദങ്ങളാണ്.
നിരവധി സാഹസിക പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ദ നേടിയ ഹംദാൻ, സാക്ഷാൽ ബുർജ് ഖലീഫയുടെ 160 നിലകളും ഓടിക്കയറി തന്റെ ശാരീരിക ക്ഷമത ഒരിക്കൽകൂടി തെളിയിച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
https://www.instagram.com/reel/Cln422fJX2F/?utm_source=ig_web_copy_link
'ബുർജ് ഖലീഫ ചലഞ്ച്' എന്ന അടിക്കുറിപ്പോടെ ഹംദാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബുർജ് ഖലീഫയിൽ കയറാനുള്ള തയ്യാറെടുപ്പ് ദൃശ്യങ്ങൾ പോസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു ചില അംഗങ്ങളും ഫസ്സയെ അനുഗമിക്കുന്നതും 160ാം നിലയിലെത്തി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ഓട്ടം തുടങ്ങുന്നതിന് മുമ്പ് ഹംദാൻ തന്റെ ടൈമർ കാലിബ്രേറ്റ് ചെയ്തിരുന്നു. 37 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ് ഈ മികച്ച നേട്ടം ഹംദാൻ കൈവരിച്ചത്. 710 കലോറി ഊർജ്ജമാണ് ഫസ്സയുടെ ശരീരം ഇതിനായി ചിലവഴിച്ചത്.
ഈ വർഷം, ദുബൈ റണ്ണിലും ഫസ്സ പങ്കെടുത്ത് 10 കിലോമീറ്ററോളം ദൂരം ഓടിയിരുന്നു. സ്‌കൈ ഡൈവിങ്, മൗണ്ടൻ ക്ലിംബിങ്, ഹൈക്കിങ്, പാരാമോട്ടർ ഗ്ലൈഡിങ്, ഡീപ് ഡൈവിങ് എന്നിവയിലെല്ലാം അതീവ തൽപരനാണ് ഹംദാൻ.