UAE
തടവുകാരിയുടെ 3 മാസം പ്രായമുള്ള കുഞ്ഞിനെ   അമ്മയോടൊപ്പം ചേര്‍ത്ത് ദുബൈ പൊലീസ്
UAE

തടവുകാരിയുടെ 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബൈ പൊലീസ്

ഹാസിഫ് നീലഗിരി
|
17 April 2022 1:57 PM GMT

ദുബൈ: കസ്റ്റഡിയിലുള്ള സ്ത്രീയുടെ അഭ്യര്‍ത്ഥന മാനിച്ച് 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബൈ പൊലീസ്. താനില്ലാത്തപ്പോള്‍ തന്റെ കുഞ്ഞിനെ പരിചരിക്കാനായി വിശ്വസിക്കാന്‍ കഴിയുന്ന ആരുമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് നായിഫ് പൊലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോര്‍ട്ട് ടീം തങ്ങളുടെ മാനുഷിക മൂല്യം ഉയര്‍ത്തിപ്പിടിച്ചത്.

ആഫ്രിക്കന്‍ വംശജയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി തടങ്കലിലായതെന്ന് നായിഫ് പോലീസ് സ്റ്റേഷന്‍ ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് നൂര്‍ തഹ്ലാക്ക് പറഞ്ഞു.

യുവതിയുടെ ആവശ്യപ്രകാരം ദുബൈ ഹോസ്പിറ്റലുമായി സഹകരിച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിക്ടിം സപ്പോര്‍ട്ട് ടീം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചതായി തഹ്ലക് അറിയിച്ചു.

പിന്നീട് യുവതിയെ, ഇത്തരം കേസുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള വനിതാ ജയിലിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. തടവുകാരുടെ ശിശുക്കളെ പരിപാലിക്കാനായി നാനികളേയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും മെഡിക്കല്‍ പ്രൊഫഷണലുകളുമടക്കം മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ജയിലില്‍ കുട്ടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമല്ല. എന്നാല്‍ കുട്ടിയെ പരിപാലിക്കാന്‍ പുറത്ത് കുടുംബാംഗങ്ങളില്ലാത്തതിനാലാണ് ഇത്തരം കേസുകളില്‍ അമ്മ ശിക്ഷ അനുഭവിക്കുന്നതുവരെ ചില തടവുകാര്‍ക്ക് ഈ മാര്‍ഗം ഒരുക്കുന്നതെന്ന് വനിതാ ജയില്‍ ഡയരക്ടര്‍ കേണല്‍ ജമീല അല്‍ സാബി അറിയിച്ചു.

Similar Posts