ദുബൈ എക്‌സ്‌പോ സന്ദര്‍ശകരുടെ എണ്ണം രണ്ടുകോടിയിലേക്ക്
|രണ്ടാഴ്ച മാത്രമാണ് എക്‌സ്‌പോ അവസാനിക്കാന്‍ ഇനി ബാക്കിയുള്ളത്
ദുബൈ എക്‌സ്‌പോ സന്ദര്‍ശകരുടെ എണ്ണം രണ്ടുകോടിയിലേക്ക് കടക്കുന്നു. കഴിഞ്ഞദിവസം വരെയുള്ള കണക്കുപ്രകാരം 1 കോടി 90 ലക്ഷം പേരാണ് എക്‌സ്‌പോ ആസ്വദിക്കാനെത്തിയത്. 27 ലക്ഷം കുട്ടികളും മേളയിലെത്തി.
ദുബൈ എക്‌സ്‌പോക്ക് തിരിശ്ശീല വീഴാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെയാണ് രണ്ടുകോടി സന്ദര്‍ശകര്‍ എന്ന ലക്ഷ്യത്തിലേക്ക് ആഗോളമേള കുതിക്കുന്നത്.
കഴിഞ്ഞയാഴ്ച മാത്രം 16 ലക്ഷം പേര്‍ എക്‌സിപോയിലെത്തി എത്തി. ഇതോടെ, തുടക്കത്തില്‍ സംഘാടകര്‍ പ്രഖ്യാപിച്ച രണ്ട് കോടി എന്ന ലക്ഷ്യം ദിവസങ്ങള്‍ക്കുള്ളില്‍ എക്‌സ്‌പോ മറികടക്കുമെന്നുറപ്പായി. അവസാന ദിനങ്ങളില്‍ എക്‌സ്‌പോയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. എക്‌സ്‌പോ അവസാനിക്കാന്‍ ഇനി 15 ദിവസം മാത്രമേ ബാക്കിയുള്ളു.
18 വയസില്‍ താഴെയുള്ളവര്‍ മാത്രം 27 ലക്ഷം എത്തിയെന്നാണ് എക്‌സ്‌പോയുടെ കണക്ക്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാക്കിയതും നിരവധി ആകര്‍ഷകമായ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചതും കുടുംബങ്ങളെ ആകര്‍ഷിക്കുന്ന പരിപാടികള്‍ ഒരുക്കിയതുമാണ് കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.