ദുബൈ ഗ്ലോബൽ വില്ലേജ് ബസ് സർവിസുകൾ 18ന് പുനരാരംഭിക്കും
|ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ആരംഭിക്കുന്പോൾ, വില്ലേജിലേക്കും തിരിച്ചുമുള്ള ബസ് സർവിസുകൾ പുനരാരംഭിക്കാനിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ മാസം 18ന് ഗ്ലോബൽ വില്ലേജ് തുറക്കുന്ന അന്നുമുതൽ തന്നെ ആർടിഎ ബസ് സർവിസ് സേവനങ്ങളും ആരംഭിക്കും.
പ്രധാനമായും നാലു റൂട്ടുകളിലാണ് ബസുകൾ സർവിസ് നടത്തുക. റാഷിദിയ ബസ് സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന റൂട്ട് 102, ഓരോ മണിക്കൂർ ഇടവിട്ടും വില്ലേജിലേക്കും തിരിച്ചും സർവിസ് നടത്തും.
അൽ ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്നുമുള്ള റൂട്ട് 103ൽ ഓരോ 40 മിനിറ്റിലും സർവിസ് ഉണ്ടായിരിക്കും. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുമുള്ള റൂട്ട് 104ലും ഓരോ മണിക്കൂർ ഇടവിട്ടാണ് ബസുകൾ സർവിസ് നടത്തുക. മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106ലും ഓരോ 60 മിനിറ്റിലും സർവിസ് ഉണ്ടായിരിക്കും.
10 ദിർഹമാണ് വില്ലേജിലേക്കുള്ള സർവിസ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആർടിഎയുടെ ഡീലക്സ് കോച്ചുകളാണ് സർവിസിനായി ഉപയോഗിക്കുക. ഈ സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി രണ്ട് ഇലക്ട്രിക് അബ്രകളുടെ പ്രവർത്തനവും ഒരുക്കുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.