കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ വ്യാപിപ്പിക്കാൻ തീരുമാനിച്ച് ദുബൈ
|കുട്ടികൾക്ക് സ്വന്തമായി സീൽ പതിക്കാം
ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക എമിഗ്രേഷൻ കൗണ്ടർ വ്യാപിപ്പിക്കുന്നു. ഇവിടെ കുട്ടികൾക്ക് സ്വന്തമായി പാസ്‌പോർട്ടിൽ സ്റ്റാമ്പ് പതിപ്പിക്കാൻ സൗകര്യമുണ്ടാകും.
നിലവിൽ ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത്. ദുബൈയിൽ വന്നിറങ്ങുന്ന കുട്ടികളെ വേറിട്ട രീതിയിൽ സ്വാഗതം ചെയ്യുന്നതിനാണ് ഈ കൗണ്ടർ.
നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ പാസ്‌പോർട്ടിൽ സ്വന്തമായി സീൽ പതിക്കാൻ സാധിക്കും. കുട്ടികളുടെ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാൻ പ്രത്യേകം പരിശീലം ലഭിച്ച ഉദ്യോഗസ്ഥരുമുണ്ടാകും.
ഇത് ദുബൈ വിമാനത്താവളത്തിന്റെ എല്ലാ അറൈവൽ പോയന്റുകളിലേക്കും വ്യാപിപ്പിക്കാനാണ് ഇപ്പോൾ ജി.ഡി.ആർ.എഫ്.എയുടെ തീരുമാനം. കുട്ടികളുടെ യാത്രാനുഭവം വേറിട്ടതും അവിസ്മരണീയുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.