യാത്രക്കാരന്റെ ബാഗിൽനിന്ന് ഐഫോണുകൾ മോഷ്ടിച്ച ദുബൈ വിമാനത്താവളത്തിലെ ജീവനക്കാരൻ പിടിയിൽ
|യാത്രക്കാരന്റെ ബാഗിൽനിന്ന് ആറോളം ഐഫോണുകൾ മോഷ്ടിച്ച കേസിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ സി.ഐ.ഡി ഉദ്യോഗസ്ഥർ പിടികൂടി. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 28,000 ദിർഹം പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. അതിനു ശേഷം പ്രതിയെ നാടുകടത്തും.
കഴിഞ്ഞ മാർച്ചിൽ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തയാൾ നാട്ടിലെത്തിയപ്പോഴാണ് തന്റെ ലഗേജിൽനിന്ന് ആറ് ഐഫോണുകൾ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് ഇയാൾ ദുബൈയിൽ തിരിച്ചെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ ഫോണുകളുടെ സീരിയൽ നമ്പരുകൾ ഉപയോഗിച്ച് സി.ഐ.ഡി ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ സംഘം 5,000 ദിർഹം വിലമതിക്കുന്ന സൺഗ്ലാസും നഷ്ടപ്പെട്ട കൂട്ടത്തിലെ ഒരു ഐഫോണും കണ്ടെത്തി.
ഫോണുകൾ താൻ മോഷ്ടിച്ചതാണെന്ന് പ്രതി കുറ്റം സമ്മതിച്ചു. അവയിൽ അഞ്ചെണ്ണം യൂസ്ഡ് ഫോണുകൾ വിൽക്കുന്ന കടയുടമയ്ക്ക് വിറ്റതായും പ്രതി വെളിപ്പെടുത്തി. 5,000 ദിർഹം വിലയുള്ള സൺഗ്ലാസ്, ക്യാമറ, മറ്റൊരു ഫോൺ, വയർലെസ് ഹെഡ്സെറ്റ് തുടങ്ങിയവ വാങ്ങാനാണ് താൻ ആ പണം ചിലവഴിച്ചതെന്നും പ്രതി വെളിപ്പെടുത്തി.