ലോകകപ്പ് തിരക്ക്; ദുബൈ മാരത്തൺ മാറ്റിവച്ചു
|കോവിഡ് പാൻഡമിക്ക് വെല്ലുവിളി അവസാനിച്ചതോടെ വീണ്ടും നടത്താനിരുന്ന ദുബൈ മാരത്തൺ മാറ്റിവച്ചു. ഖത്തർ ലോകകപ്പ് നടക്കുന്ന പശ്ചത്തലത്തിൽ ദുബൈയിലെ ഹോട്ടൽ മുറികൾക്കും വിമാനങ്ങൾക്കും ഡിമാന്റ് വർധിച്ചതോടെയാണ് ഈ വർഷത്തെ മാരത്തൺ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.
നേരത്തെ, ഈ വർഷം ഡിസംബറിലാണ് മാരത്തൺ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ സമയക്രമമനുസരിച്ച് 2023 ഫെബ്രുവരി 12 ഞായറാഴ്ചയാണ് മാരത്തൺ നടക്കുക. ദുബൈയിലെ ഏറ്റവും പ്രശസ്തമായ റണ്ണിങ് ഇവന്റാണ് ദുബൈ മാരത്തൺ.
നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായി നിരവധി ഫുട്‌ബോൾ പ്രേമികൾ ദുബൈയിലും എത്തും. യൂറോപ്പിൽനിന്നടക്കമുള്ള ആരാധകരിൽ പലരും ഈ കാലയളവിലെ താമസത്തിനായി ദുബൈ നഗരത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതാണ് നഗരത്തിലെ ചെലവുകുറഞ്ഞ ഹോട്ടൽ താമസസൗകര്യങ്ങൾക്ക് ഡിമാന്റ് വർധിക്കാൻ കാരണമായിരിക്കുന്നത്.