ദുബൈ മെട്രോ ബ്ലൂലൈൻ വരുന്നു; 30 കിലോമീറ്ററിൽ 14 സ്റ്റേഷനുകൾ
|പുതിയ പാതക്ക് ടെൻഡർ നടപടികൾ ആരംഭിച്ചതായി യുഎഇ ദേശീയ മാധ്യമങ്ങൾ
ദുബൈ: ദുബൈ മെട്രോക്ക് ബ്ലൂലൈൻ എന്ന പേരിൽ പുതിയ പാത വരുന്നു. നിലവിൽ റെഡ് ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് പാതകളാണ് മെട്രോക്കുള്ളത്. പുതിയ പാതക്ക് ടെൻഡർ നടപടികൾ ആരംഭിച്ചതായി യുഎഇ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
30 കിലോമീറ്റർ നീളമായിരിക്കും ബ്ലൂ ലൈനിന് ഉണ്ടാവുക. ഇതിൽ 15.5 കി.മീ ഭൂഗർഭ പാതയായിരിക്കും. 14 സ്റ്റേഷനുകളുണ്ടാകും. അഞ്ച് സ്റ്റേഷനുകൾ ഭൂഗർഭ സ്റ്റേഷനായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി പുതിയ ലൈനിനെ ബന്ധിപ്പിക്കും.
റെഡ്ലൈനിലെ സെന്റർപോയന്റ് സ്റ്റേഷനുമായും ഗ്രീൻ ലൈനിലെ അൽ ജദാഫ് ക്രീക്ക് സ്റ്റേഷനുമായും ബ്ലൂലൈനിലെ രണ്ട് സ്റ്റേഷനുകൾ ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നായിരിക്കും പുതിയ ലൈൻ കടന്നുപോവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, റൂട്ട് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.